മൂന്നാർ: വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപ്പാക്കുന്ന ഹിൽദാരി പദ്ധതിക്ക് മൂന്നാറിൽ തുടക്കം. മൂന്നാർ കെ.ടി.ഡി.സി ടീ കൗണ്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. എ. രാജ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത പദ്ധതിയായ 'ഇടുക്കി ഒരു മിടുക്കി' യോട് ചേർന്നാണ് നെസ്ലെയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഹിൽദാരി പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം മൂന്നാർ, ദേവികുളം, പള്ളിവാസൽ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാരത്തിന്റെ ഭാഗമായ 'മാലിന്യ സംസ്‌കരണ വെല്ലുവിളികളും അവയെ നേരിടുന്നതിനുള്ള ഉചിത മാർഗങ്ങളും' എന്ന വിഷയത്തിൽ ശിൽപശാലയും നടന്നു.