തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ ഫലവൃക്ഷങ്ങളുടെയും പൂച്ചെടികളുടെയും വിപുലമായ മേള 22 മുതൽ കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ 10ന് മേളയുടെ ഉദ്ഘാടനം കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിക്കും. പഴവർഗ്ഗ കൃഷിയിലും പുഷ്പ കൃഷിയിലും കർഷകർക്കിടയിൽ വർദ്ധിച്ചുവരുന്ന താത്പര്യത്തെ മുൻനിറുത്തിയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. പഴവർഗ്ഗങ്ങളും പൂച്ചെടികളും കൂടാതെ അനുബന്ധമായിട്ടുള്ള കാർഷിക ഉപകരണങ്ങളും വളങ്ങളും ജൈവ കീടനാശിനികളും മേളയിലൂടെ വിതരണം ചെയ്യും. പഴവർഗ്ഗ ചെടികളിൽ റംബൂട്ടാന്റെ ഒമ്പത് ഇനങ്ങളും പ്ലാവിന്റെ 12 ഇനങ്ങളും മാവിന്റെ 13 ഇനങ്ങളും പേര, നാരകം എന്നിവയുടെ 10 ഇനങ്ങളും ലഭ്യമായിരിക്കും. കൂടാതെ ഓറഞ്ച്, മാങ്കോസ്റ്റിൻ, ഞാവൽ, ചാമ്പ തുടങ്ങി ഏകദേശം ഇരുപതോളം വ്യത്യസ്തവും വിപണിയിൽ വൻ സാദ്ധ്യതയുള്ളതുമായ ഫലവൃക്ഷതൈകളുമാണ് ഒരുക്കിയിട്ടുള്ളത്. പുഷ്പമേളയിൽ അപൂർവ്വങ്ങളായ ഇനങ്ങൾ ഉൾപ്പെടെ 100 ഇനം പുഷ്പങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷതൈകളുടെ ശേഖരത്തിൽ 13 ഇനം തെങ്ങിൻ തൈകളും നാലിനം കമുകിൻ തൈകളും ഒരുക്കിയിട്ടുണ്ട്. മറ്റ് ഫലവൃക്ഷതൈകളായ ജാതി, കശുമാവ്, കടപ്ലാവ്, ഗ്രാമ്പൂ തുടങ്ങിയ അത്യുത്പാദനശേഷിയുള്ള തൈകളും ലഭ്യമാണ്. മേളയോടനുബന്ധിച്ച് തരിശായി കിടക്കുന്ന കൃഷിഭൂമികളിൽ പഴവർഗ്ഗ ചെടികൾ നട്ട് പരിപാലിച്ചു കൊടുക്കുന്ന 'ഹരിതം മനോഹരം" പദ്ധതിയും ആരംഭിക്കും. താത്പര്യമുള്ള കർഷകർക്ക് ഇപ്പോൾ രജിസ്‌ട്രേഷൻ നടത്താം. മേട മാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് ഈ പ്രോജക്ട് പ്രവർത്തനം ആരംഭിക്കും. കൃഷി ഭൂമിയുടെ ലേഔട്ട്, പ്ലാന്റിംഗ്,പരിപാലനം, വിപണനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുഷ്പമേളയുടെ ഭാഗമായി 23ന് പുൽക്കൂട് മത്സരം നടത്തും. സമ്മാനർഹർക്ക് 5001, 2501, 1001 രൂപയുടെ ക്യാഷ് പ്രൈസുകൾ നൽകും. വിത്തുകളും തൈകളും വാങ്ങുന്നവർക്ക് ക്രിസ്മസ് സമ്മാനമായി 10% ഡിസ്‌കൗണ്ട് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495965733. വാർത്താസമ്മേളനത്തിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ,​ ഡയറക്ടർമാരായ ജേക്കബ് മാത്യു, വി.പി. ജോർജ്, വി.പി. സുകുമാരൻ, ജനറൽ കൺവീനർ സുനിൽ സുലൈമാൻ എന്നിവർ പങ്കെടുത്തു.