തൊടുപുഴ: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി- തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. റോഡ് വികസനത്തിനു തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതും പാറ പൊട്ടിക്കുന്നതുമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. കരിമണ്ണൂർ- തൊമ്മൻകുത്ത് (9.74 കിലോ മീറ്റർ), തൊമ്മൻകുത്ത്- നാരങ്ങാനം- മുണ്ടൻമുടി (4.19 കിലോ മീറ്റർ), വണ്ണപ്പുറം- പട്ടയക്കുടി (15.32 കിലോമീറ്റർ) എന്നീ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.എം & ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്ന ഈ പ്രവർത്തിയിൽ പാലങ്ങൾ, കലുങ്കുകൾ, സംരക്ഷണഭിത്തി, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ഓടകൾ എന്നിവയുടെ നിർമ്മാണവും ഉൾപ്പെടുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. യോഗത്തിൽ കോതമംഗലം ഡി.എഫ്.ഒ വരുൺ ഡാലിയ, കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനിയർ ജി.ആർ. ബിജു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.