sivanadh
ബി. ശിവാനന്ദ്

 ഇടുക്കി ജില്ലയിൽ നിന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥി പങ്കെടുക്കുന്നത് ആദ്യം

കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റ് സെർജന്റ് ബി. ശിവാനന്ദ് ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി ഈ നേട്ടം കൈവരിക്കുന്നത്. റിപ്പബ്ലിക് പരേഡിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ കേരളത്തിന്റെ ടീം അംഗമായാണ് ശിവാനന്ദ് പങ്കെടുക്കുന്നത്. കരിമണ്ണൂർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശിവാനന്ദ് കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടിയിരുന്നു. ഈ നേട്ടവും എൻ.സി.സി പരേഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ മികവുമാണ് കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കുന്ന 14 ഹൈസ്‌കൂൾ കേഡറ്റുകളിൽ ഒരാളാകാൻ ശിവാനന്ദിന് അവസരം ലഭിച്ചത്. സംസ്ഥാനത്തുനിന്ന് ഈ വർഷം ആകെ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ 124ഉം സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് 35പേരെയുമാണ്. മൂവാറ്റുപുഴ ബറ്റാലിയന് കീഴിലുള്ള 34 എൻ.സി.സി ട്രൂപുകളിൽ നിന്ന് ആദ്യഘട്ടം തിരഞ്ഞെടുത്തത് 125 കേഡറ്റുകളെയായിരുന്നു. അതിൽ നിന്ന് കോട്ടയം ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ഒമ്പതു തലങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിലും പരേഡ് ക്യാമ്പുകളിൽനിന്നും അവസാനഘട്ടത്തിൽ എത്തിയത് അഞ്ച് പേരാണ്. അതിൽ ഹൈസ്‌കൂളിൽ നിന്നും കൾച്ചറൽ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ട ഏക കേഡറ്റാണ് ശിവാനന്ദ് എന്നതും അഭിമാനകരമാണ്. ഉടുമ്പന്നൂർ മഞ്ചിക്കല്ല് ശങ്കരമംഗലം വീട്ടിൽ അദ്ധ്യാപകരായ കെ.എസ്. ബിനീഷ്, വി.കെ. സുഗന്ധി എന്നിവരുടെ മകനാണ് ബി. ശിവാനന്ദ്. കാനഡയിൽ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് വിദ്യാർത്ഥി ബി. ദേവാനന്ദാണ് ഏക സഹോദരൻ. ഡൽഹിയിൽ നടക്കുന്ന ഒരുമാസം നീളുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്ന ശിവാനന്ദിന് കരിമണ്ണൂർ എൻ.സി.സി ട്രൂപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ശിവാനന്ദിനെ അഭിനന്ദിച്ചു. ചടങ്ങിൽ സീനിയർ ടീച്ചർ മേരി പോൾ അദ്ധ്യക്ഷയായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്‌സ്, അദ്ധ്യാപികയും മുൻ എൻ.സി.സി കേഡറ്റുമായ എലിസബത് മാത്യു, സീനിയർ കേഡറ്റ് അയിറ അൻവർ എന്നിവർ ആശംസകളറിയിച്ചു. എൻ.സി.സി ഓഫീസർ ജയ്‌സൺ ജോസ് സ്വാഗതവും കോർഡിനേറ്റർ നിലു ജോർജ് നന്ദിയും പറഞ്ഞു.