തൊടുപുഴ: 2022 ഒക്ടോബർ രണ്ടിനാണ്, അക്ഷയ് എന്ന യുവാവിന്റെ ജീവിതം ശിഥിലമാക്കിയ അപകടം സംഭവിച്ചത്. ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴും അക്ഷയ്യും കുടുംബവും കരകയറിയിട്ടില്ല ജീവിതത്തിലേക്ക് അവനെ തിരികെനടത്താൻ നമ്മുടെ സഹായം വേണം. തൊടുപുഴ പാറക്കടവ് കുന്നേൽ ബിജുവിന്റെയും മിനിയുടെയും മകൻ അക്ഷയ് കെ ബിജു സുഹൃത്തുക്കൾക്കൊപ്പം പോയതാരുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് പണ്ടപ്പിള്ളി ജംഗ്ഷന് സമീപം റോഡിലെ കോൺക്രീറ്റ് ചെയ്തിരുന്ന ഗട്ടറിൽ തട്ടി ബൈക്കിന്റെ മുൻഭാഗം പൊങ്ങി അക്ഷയ് പിന്നിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റു. കാൽപാദം റോഡിലുരഞ്ഞ് തേഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17ദിവസത്തെ ചികിത്സയ്ക്കിടയിൽ തലയിൽ രണ്ട് ശസ്ത്രക്രിയ നടത്തി. 5.5ലക്ഷം രൂപ ചെലവായി. പിന്നീട് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇവിടെയും തലയിൽ രണ്ട് ശസ്ത്രക്രിയ നടത്തി. ഉടനെ രണ്ടെണ്ണം കൂടി വേണം. നിലവിൽ 21ലക്ഷം രൂപയായി. തുക കൊടുത്ത് തീർക്കാനുണ്ട്. രണ്ട് മാസത്തോളം അക്ഷയ് വെന്റിലേറ്ററിലായിരുന്നു. കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തി. ഓർമ്മശക്തിയും പൂർണമായി തിരികെ ലഭിച്ചിട്ടില്ല. ചികിത്സയ്ക്കായി ലൈഫ് പദ്ധതിയിൽ പൂർത്തിയായിവന്ന വീട് ഉൾപ്പെടെ 50 സെന്റ് സ്ഥലം പണയംവച്ചു. നാട്ടുകാരും ബന്ധുക്കളും പരിചയക്കാരും തുടങ്ങി എല്ലാവരും ഒപ്പമുണ്ട്. നിലവിൽ മൂന്ന് സെന്റിലെ മണ്ണ് ഇഷ്ടിക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. തൊടുപുഴയിൽ ബൈക്ക് ഷോറൂമിലെ അക്കൗണ്ടന്റാണ് അക്ഷയ്. അച്ഛൻ ബിജുവിന് റബർ ടാപ്പിങ്ങായിരുന്നു. അടുത്തിടെ രക്തയോട്ടം ഇല്ലാതായി വലതുകാലിലെ തള്ളവിരൽ മുറിച്ചുമാറ്റി. അമ്മ മിനിയും ചെറിയ ജോലികൾ എടുത്താണ് മുന്നോട്ടുപോകുന്നത്. സഹോദരൻ അതുൽ എറണാകുളത്ത് വാഹനം ഓടിക്കുന്നു. സഹോദരി വിഷ്ണുപ്രിയ കൊല്ലത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. അടുത്ത ശസ്ത്രക്രിയകൾക്ക് ആറ് ലക്ഷത്തോളം അക്ഷയ്ക്ക് വേണ്ടത്. സമൂഹം ഒരുകൈ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അമ്മ മിനിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ തൊടുപുഴ ശാഖയിൽ അക്കൗണ്ടുണ്ട്. നമ്പർ: 40328101013171. ഐഎഫ്എസ്സി കോഡ്: KLGB0040328.