തൊടുപുഴ: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തിയ ശേഷം മടങ്ങിയ യൂത്ത് കോൺഗ്രസുകാർക്ക് നേരെ പതിയിരുന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയത് കൊലക്കേസ് പ്രതിയെ രക്ഷിക്കാനാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ഒരു നാടിന്റെയൊന്നാകെ നൊമ്പരമായി മാറിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പിഞ്ചുബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം ഉൾപ്പെടെയുള്ളവർ പൊലീസ് സ്റ്റേഷൻ മാർച്ചിന് ശേഷം മടങ്ങുകയായിരുന്നു. ഈ സമയത്താണ് പൊലീസിന്റെ മൗനാനുവാദത്തോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡരികിൽ പതിയിരുന്ന് അക്രമം അഴിച്ചുവിട്ടത്. കല്ലും കുപ്പിയും ഉൾപ്പെടെ വലിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ നടത്തിയത്. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനാണ് കൊലപാതകിയെന്ന് പകൽ പോലെ വ്യക്തമാണ്. പൊലീസ് മനപ്പൂർവ്വം വീഴ്ച വരുത്തിയാണ് പ്രതിയെ കോടതിയിൽ നിന്ന് രക്ഷിച്ചത്. ഇതേ പ്രവർത്തിയുടെ തുടർച്ചയാണ് ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അക്രമത്തിലൂടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെയ്തത്. അനീതിക്കെതിരായി ശബ്ദമുയർത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടാനാണ് സി.പി.എം തീരുമാനമെങ്കിൽ അതിനെതിരെ ബഹുജനങ്ങളെ അണി നിരത്തി കനത്ത പ്രതിരോധം സൃഷ്ടിക്കുമെന്നും സി.പി. മാത്യു പറഞ്ഞു.