വണ്ടിപ്പെരിയാർ: പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി മടങ്ങിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘം സി.പി.എം പീരുമേട് ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചതായി സി.പി.എം നേതാക്കൾ ആരോപിച്ചു. കല്ലേറിലും കമ്പു കൊണ്ടുള്ള ആക്രമണത്തിലും നേതാക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റതായും നേതാക്കൾ പറഞ്ഞു. ഓഫീസിൽ ഉണ്ടായിരുന്ന ലോക്കൽ സെക്രട്ടറിമാരായ റിനിൽ മാത്യു, കെ. ബാലൻ, പ്രവർത്തകരായ വിനോദ് ജോസഫ്, ശിഹാബ്, ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചുരക്കുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. വിജയാനന്ദ്, കെ.എം. ഉഷ, ഏരിയ സെക്രട്ടറി എസ്. സാബു, പി.ടി.ടി യൂണിയൻ ജനറൽ സെക്രട്ടറി എം. തങ്കദുരൈ എന്നിവർ നേതൃത്വം നൽകി. വിവിധ ലോക്കൽ സെക്രട്ടറിമാർ,​ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം ബി.ജെ.പി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനിടയിലും സി.പി.എം ഓഫീസിന് നേരെ ആക്രമണത്തിന് ശ്രമിച്ചിരുന്നെന്ന് നേതാക്കൾ പറഞ്ഞു.