കുമളി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് ഇടുക്കി ദുരന്തനിവാരണ അതോറിട്ടിക്ക് ജാഗ്രത മുന്നറിയിപ്പു നൽകി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ
പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നദികളും കുളങ്ങളും ചെക് ഡാമുകളുമെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടു പോയി സംഭരിക്കാനാകാത്ത സ്ഥിതി വിശേഷമാണ് തമിഴ്‌നാടിനുള്ളത്. മുല്ലപെരിയാർ ഡാമിൽ നിന്ന് സെക്കൻഡിൽ 1600 ഘനയടി വീതം വെള്ളം കൊണ്ടു പോകാൻ ശേഷിയുള്ള നാല് പെൻ സ്റ്റോക്കു പൈപ്പുകൾ ഉണ്ടായിരുന്നിട്ടും ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത് 300 ഘനയടി വെള്ളം മാത്രമാണ്. അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 2050 ഘനയടി വീതം വെള്ളം ഒഴുകിയെത്തുന്നതായാണ് തമിഴ്നാട് നൽകുന്ന കണക്ക്. ഇതിനാൽ ജലനിരപ്പ് കുതിച്ചുയരാനും അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഏത് സമയവും തുറക്കാൻ സാദ്ധ്യതയുണ്ട്. ജലനിരപ്പ് നിശ്ചിത സംഭരണ ശേഷിയായ 142 അടിയിൽ നിലനിറുത്തി അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കാനാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ചിരുന്ന കനത്ത മഴ കുറവുണ്ട്. വ്യാഴാഴ്ച പകൽ തുടങ്ങിയ ചാറ്റൽ മഴ രാത്രിയിലും തുടരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയിലും ജലനിരപ്പ് 139 അടി പിന്നിടുകയും തമിഴ്‌നാട് ഇടുക്കി ദുരന്ത നിവാരണ അതോറിട്ടിക്ക് ജാഗ്രത മുന്നറിയിപ്പ് നൽകയും ചെയ്തിരുന്നു. തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതകൾ ഉള്ളതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശവും നൽകുകയും ചെയ്തിരുന്നു. പിറ്റേന്ന് ജലനിരപ്പ് താഴുകയും സ്പിൽവേ ഷട്ടറുകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.