തൊടുപുഴ: അമിതതുക വൈദ്യുതി ബിൽ കിട്ടിയ ഉപഭോക്താക്കൾ പണം അടയ്ക്കാത്തതിനെ തുടർന്ന്

വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞത് ഏറെ നേരം വാക്കേറ്റത്തിനിടയാക്കി. നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെയും വാർഡ് കൗൺസിലർ കെ. ദീപക്കിന്റെയും നേതൃത്വത്തിലാണ് ഉപഭോക്താക്കൾ പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ജൂലായ് മാസം കുത്തനെ കൂടിയ ബിൽ ലഭിച്ച വെങ്ങല്ലൂർ വേങ്ങത്താനത്ത് മണർകാട് സണ്ണി സെബാസ്റ്റ്യൻ, മുളയ്ക്കൽ എം.എസ്. പവനൻ എന്നിവരുടെ വീടുകളിലെ കണക്ഷൻ വിച്ഛേദിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. ഇതോടെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സ്ഥലത്തെത്തുകയായിരുന്നു. അമിതമായി വൈദ്യുതി ബിൽ ലഭിച്ച 18 പേർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന് തീരുമാനമാകാതെ നടപടികളെടുക്കരുതെന്നും ചെയർമാനും വാർഡ് കൗൺസിലറും ആവശ്യപ്പെട്ടു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഉണ്ടെന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമേ മടങ്ങൂവെന്നും പറഞ്ഞ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറും സംഘവും പിൻമാറാൻ തയ്യാറായില്ല. വിവരമറിഞ്ഞ് ഡീൻ കുര്യക്കോസ് എം.പി ഡെപ്യൂട്ടി ചിഫ് എൻജിനീയറുമായി ബന്ധപ്പെട്ടെങ്കിലും അതും ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ബിൽതുക 12 തവണയായി ഉപഭോക്താക്കൾ അടയ്ക്കുമെന്നും ആദ്യ ഗഡു ശനിയാഴ്ച നൽകുമെന്നുമെന്നും ചെയർമാനും വാർഡ് കൗൺസിലറും കരാർ എഴുതി ഒപ്പിട്ട് നൽകിയാൽ തത്കാലത്തേക്ക് നടപടികൾ ഒഴിവാക്കാമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നിലപാട്. ഇത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ടാണ് തണുപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ 10ന് നഗരസഭ ചെയർമാന്റെ ചേംബറിൽ വാർഡ് കൗൺസിലർ ദീപക്, കെ.എസ്.ഇ.ബി, പൊലീസ്, പരാതിക്കാരായ ഉപഭോക്താക്കൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ തിരികെ പോവുകയായിരുന്നു.

അമിത ബിൽ വന്നത് മേയിലും ജൂലായിലും

മണക്കാട്, കുമാരമംഗലം പഞ്ചായത്തിലെ പ്രദേശങ്ങളിലും തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലുമാണ് മേയ്, ജൂലായ് മാസങ്ങളിലാണ് അമിത ബിൽ വന്നത്. മുമ്പ് മീറ്റർ റീഡിങ് എടുത്തിരുന്ന താത്കാലിക ജീവനക്കാരൻ റീഡിങ്ങിൽ ക്രമക്കേട് കാണിച്ചിരുന്നെന്നും അന്നത്തെ കുടിശികയാണ് ഈ മാസങ്ങളിലെ ബില്ലിൽ വന്നതെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ വിശദീകരണം. സംഭവത്തിൽ റീഡിങ്ങെടുത്ത തൊഴിലാളിയെ പിരിച്ചുവിടുകയും ഏഴ് ഉദ്യോഗസ്ഥരെ പലപ്പോഴായി സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.

തുക കുറച്ച് നൽകിയെന്ന്

പരാതി ഉയർന്ന ബില്ലുകൾ പരിശോധിച്ച് പലർക്കും തുക കുറച്ച് നൽകിയിരുന്നുവെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നു. ഇന്നലെ പ്രശ്‌നമുണ്ടായ രണ്ട് വീടുകളിൽ ഒന്നിൽ ഇത്തരത്തിൽ പുതുക്കിയ ബിൽ നൽകിയിരുന്നു. വിവാദമായ ബില്ലിന് ശേഷമുള്ള രണ്ട് മാസത്തെ ബില്ലും ഇവർ അടച്ചിട്ടില്ല. അതിനാലാണ് കണക്ഷൻ വച്ഛേദിക്കാൻ തീരുമാനിച്ചത്. ഇവർ വിഷയത്തിൽ കോടതിയെ സമീപിച്ചതായുള്ള അറിയിപ്പൊന്നും കെ.എസ്.ഇ.ബി.ക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.