പീരുമേട്: ആറ് വയസുകാരി പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടും വരെ പോരാടുമെന്ന് മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ചേർന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. വണ്ടിപ്പെരിയാറ്റിലെ ആറു വയസുകാരി പെൺകുട്ടിക്ക് നീതി കിട്ടാതെ പ്രതിയെ വെറുതെ വിട്ടപ്പോൾ കേരളം ഞെട്ടി.പോക്‌സോ കേസിലെ വിധികൾ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയാണ്. നിർഭാഗ്യവശാൽ വണ്ടിപ്പെരിയാറ്റിലെ കേസിൽ ഈ പെൺകുഞ്ഞിനെതിരായായാണ് വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ തങ്ങൾക്ക് കഴിയില്ല. സർക്കാർ ഈ വിധിക്കെതിരെ അപ്പീലിന് പോകാൻ തീരുമാനിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് നടപടിയുണ്ടാകും. ആറുവയസുകാരിയുടെ നീതിക്ക് വേണ്ടി സുപ്രീംകോടതി വരെ പോകേണ്ടി വന്നാൽ അതിനും കേരളത്തിലെ മഹിളാ പ്രസ്ഥാനം തയ്യാറാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. ജില്ലാ സെക്രട്ടറി ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസൻ കോടി, ഷൈലജാ സുരേന്ദ്രൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, നിർമ്മലാനന്ദകുമാർ, ആൽഫി ജോൺ എന്നിവർ പ്രസംഗിച്ചു. മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.