നെടുങ്കണ്ടം: ബി.എഡ് കോളേജ് ക്യാമ്പസിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ കോളേജ് ഡവലപ്പ്മെൻ്റ് കമ്മിറ്റി ചെയർമാൻ പി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. ഉടുമ്പുഞ്ചോല എസ്.ഐയും കോളേജ് പി.ടി.എ സെക്രട്ടറിയുമായ കെ.പി. ബെന്നി വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അദ്ധ്യക്ഷനായി. അസി. പ്രൊഫസർ സിന്ധുകുമാരി സി.സി, സിസ്റ്റർ സോജി റോസ്, അമൽദേവസ്യ, രഞ്ജു കെ. റജി എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ ബി.എഡ് പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയ വിദ്യ വി. നായർ, എ പ്ളസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ 30 വിദ്യാർത്ഥികളെയും കോളേജ് ആദരിച്ചു. ബഹുമതിപത്രവും അവാർഡ് ശിൽപവും പി.എൻ. വിജയൻ സമ്മാനിച്ചു. ടീച്ചിംഗ് പ്രാക്ടീസിന് ജില്ലയിലെ വിവിധ സ്കൂളുകളിൽ പോയ രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് മികച്ച അദ്ധ്യാപന പരിശീലന ഡയറി എഴുതിയ ഉത്തര എം. നായർക്ക് ആയിരം രൂപയുടെ ക്യാഷ് അവാർഡ് നൽകി. ഏറ്റവും മികച്ച ഡയറി എഴുതിയ എട്ടുപേർക്ക് സമ്മാനം നൽകി. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ അദ്ധ്യാപക പരിശീലകർ പരിഹാര ബോധന ക്ളാസുകളെടുത്തിരുന്നു. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി ഈ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കരോൾ ഗാന മത്സരവും ലൈവ് പുൽക്കൂടും ക്യാമ്പസിൽ ഒരുക്കി.