തൊടുപുഴ: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും സി.പി.എം- ഡി.വൈ.എഫ്‌.ഐ ഗുണ്ടകളും ചേർന്ന് ആക്രമിച്ച സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ അതിശക്തമായി പ്രതിഷേധിച്ചു. അകാരണമായി ആക്രമിച്ച പൊലീസുകാർക്കും സി.പി.എം- ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്‌.ഐക്കാരും ചേർന്ന് അതിക്രൂരമായിട്ടാണ് വേട്ടയാടുന്നത്. ഇരുമ്പ് കമ്പിയും പത്തലും ചെടിച്ചട്ടിയും കൊണ്ട് യൂത്ത് കോൺഗ്രസുകാരെ തലയ്ക്ക് അടിച്ച് നിലത്ത് വീഴിച്ച് ചവിട്ടുന്നത് നേരിലും ദൃശ്യമാദ്ധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഡി.വൈ.എഫ്‌.ഐക്കാരുടേത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും അത് തുടരണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. യൂത്ത് കോൺഗ്രസുകാരും കെ.എസ്‌.യുക്കാരും മനപ്പൂർവ്വം പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് ബലപ്രയോഗം നടത്താൻ പൊലീസ് നിർബന്ധിതരായതെന്ന ആരോപണത്തിന്റെ പൊള്ളത്തരം ഗവർണർക്കെതിരെ സമരം ചെയ്ത എസ്.എഫ്‌.ഐക്കാരെ പൊലീസ് കൈകാര്യം ചെയ്ത രീതിയിൽ നിന്ന് സ്പഷ്ടമാണ്. എസ്.എഫ്‌.ഐക്കാരെ താലോലിക്കുകയും ലാളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പൊലീസ് യൂത്ത് കോൺഗ്രസുകാരുടെയും കെ.എസ്‌.യുക്കാരുടെയും തല തല്ലി പൊളിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പൊറാട്ട് നാടകം കൊഴുപ്പിക്കുന്ന പണി എസ്.എഫ്‌.ഐ ഏറ്റെടുത്തിരിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അശോകൻ പറഞ്ഞു.