ചെറുതോണി: മരിയാപുരം പഞ്ചായത്തിൽ 2024- 2025 വർഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് നടത്തുന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് മരിയാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന് ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 79 അംഗങ്ങളും വിവിധ ഘടക സ്ഥാപന മേധാവികളും സർക്കാർ ജീവനക്കാരും മിൽമ പ്രസിഡന്റും സന്നദ്ധ സാമൂഹിക പ്രവർത്തകരുമടക്കമുള്ളവർ പങ്കെടുത്തതിന് പഞ്ചായത്തിൽ വ്യക്തമായ രേഖയുണ്ട്. വർക്കിംഗ് ഗ്രൂപ്പിൽ പഞ്ചായത്തിന്റെ പൊതുവികസനത്തിനുതകുന്ന പദ്ധതികൾ നിർദ്ദേശിക്കേണ്ടതിന് പകരം വ്യക്തി താപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിഷയങ്ങൾ ഇവർ ചൂണ്ടിക്കാണിച്ചപ്പോൾ ഭരണസമിതിയും കോൺഗ്രസ് പാർട്ടിയും ഇതിനെ എതിർത്തതാണ് ഇവരെ ചൊടിപ്പിച്ചിട്ടുള്ളത്. തൽപരവിഷയങ്ങൾക്ക് മുൻതൂക്കം നൽകാതെ പഞ്ചായത്തിന്റെ പൊതു വികസനത്തിനൊപ്പം നിൽക്കാൻ കേരളാ കോൺഗ്രസ് തയ്യാറാവണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പറഞ്ഞു. മിൽമാ പ്രസിഡന്റും ആയുർവേദ, ഹോമിയോ ഡോക്ടർമാരും പങ്കെടുത്തില്ലെന്ന ഇവരുടെ വാദം തികച്ചും സത്യവിരുദ്ധമാണ്. ഇക്കാര്യങ്ങൾ മിനിറ്റ്സ് പരിശോധിച്ചാൽ മനസിലാക്കാൻ കഴിയും. സ്വന്തം താത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഇവർ പഞ്ചായത്തിന്റെ പൊതു വികസന കാര്യങ്ങൾക്ക് ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്നതിന് തയ്യാറാവണമെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ വേമ്പേനി, ബേബി പാലത്തിങ്കൽ, വിജയൻ കല്ലിങ്കൽ, ശ്രീലാൽ എസ്, ടോമി കല്ലുവെട്ടം, ബെന്നി ആനിക്കാട്ട്, സാബു വെങ്കിട്ടക്കൽ, ലിജോ കുഴിഞ്ഞാലിക്കുന്നേൽ, തങ്കച്ചൻ അമ്പാട്ടുകുടി, ടെസി എന്നിവർ സംസാരിച്ചു.