kpn
കട്ടപ്പന ഗവ. ഐ.ടി.ഐയിൽ എസ്.എഫ്‌.ഐ- കെ.എസ്‌.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ

കട്ടപ്പന: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എസ്.യു- എസ്.എഫ്‌.ഐ സംഘർഷം. വിവരമറിഞ്ഞ് പ്രശ്‌നം പരിഹരിക്കാൻ എത്തിയ സി.പി.എം- കോൺഗ്രസ് നേതാക്കൾക്കും പരക്കേറ്റു. ഇരുവിഭാഗത്തിലുംപെട്ട 12 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോൺഗ്രസ് നേതാവ് ഷമേജ് കെ.ജോർജ്, എ.എം. സന്തോഷ്, സജീവ് കെ.എസ്, കെ.എസ്.യു പ്രവർത്തകരായ അലക്‌സ് ആന്റണി, ബിബിൻ ബിജു, ജോൺ പോൾ, ജോൺസൺ ജോയി എന്നിവർക്കും സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി ലിജോബി ബേബി, എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയംഗം എം.എസ്. ഗൗതം, ഏരിയ പ്രസിഡന്റ് ആൽബിൻ സാബു, ഏരിയാ കമ്മിറ്റിയംഗം ഡി.എസ്. അനുവിന്ദ്, മുൻ ഏരിയ കമ്മിറ്റിയംഗം ബിനു കെ. തോമസ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനൽ വിജയിച്ചു. തുടർന്ന് ഐ.ടി.ഐയിൽ നിന്ന് പുറത്തേയ്ക്കു വരുന്നതിനിടെ സി.പി.എം, ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ പ്രവർത്തകർ ചേർന്ന് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തെ മുഴുവൻ ഐ.ടി.ഐകളിലും അക്രമം അഴിച്ച് വിടുകയാണെന്ന് എസ്.എഫ്‌.ഐ ആരോപിച്ചു. ഐ.ടി.ഐ പരിസരം ഒരു മണിക്കൂറോളം സംഘർഷ ഭരിതമായിരുന്നു. തുടർന്ന് പൊലീസെത്തി ലാത്തിവീശിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.