kada
സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിൽ വില്ലേജ് ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണവും മോഷണ ശ്രമവും നടന്നു. ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിൽ നിന്ന് 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ നിന്ന് 4000 രൂപയും ഇ- സേവന കേന്ദ്രത്തിൽ നിന്ന് 1500 രൂപയും മോഷ്ടിച്ചു. അക്ഷയ കേന്ദ്രത്തിൽ നിന്ന് പതിനായിരത്തിലേറെ രൂപ മോഷണം പോയി. തുണിക്കട, സമീപത്തെ ഓയിൽ മിൽ എന്നിവിടങ്ങളിലും മോഷണം നടന്നെങ്കിലും ഒന്നും നഷ്ടമായില്ല. കാഞ്ചിയാർ വില്ലേജ് ഓഫീസ്,​ ടൗണിലെ ബൈക്ക് വർക്ക് ഷോപ്പ്, ലോട്ടറിക്കട, കള്ളുഷാപ്പ് എന്നീ സ്ഥാപനങ്ങളും മോഷ്ടാവ് കുത്തിത്തുറക്കാൻ ശ്രമിച്ചു. അക്ഷയ കേന്ദ്രത്തിൽ നിന്ന് ലഭിച്ച രേഖകളെല്ലാം സമീപത്ത് കൊണ്ടുപോയി നിരത്തിയിട്ട് മോഷ്ടാവ് പരിശോധിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ കുത്തിത്തുറക്കാൻ ശ്രമിച്ച കട്ടപ്പാര സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യാപരികൾ അറിയുന്നത്. ഉടൻ തന്നെ കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. സമീപത്തെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മുഖംമൂടിവെച്ച് കൈയുറ ധരിച്ച കള്ളൻ മോഷണം നടത്തുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങളാണ് ലഭിച്ചത്. അതിനാൽ അന്വേഷണം പൊലീസിന് ദുഷ്കരമാകും. പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും കാഞ്ചിയാർ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു സ്‌കറിയ പറഞ്ഞു.