baiju
ആലക്കോട് പഞ്ചായത്തംഗം ബൈജു ജോർജ് ആദ്യ തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

ആലക്കോട്: പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്തിന് ഇഞ്ചിയാനി ഗവ. എൽ.പി.സ്‌കൂളിൽ തുടക്കമിട്ടു. നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ഹരിത വിദ്യാലയമായി നാമനിർദേശം ചെയ്തിട്ടുള്ള സ്‌കൂളാണ് ഇഞ്ചിയാനി സ്‌കൂൾ. സ്‌കൂളിന്റെ പുറകിൽ രണ്ട് സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തുണ്ടാക്കുന്നത്. പ്ലാവ്, മാവ്, പേര, റംബൂട്ടാൻ, പേരാത്ത, ഞാവൽ തുടങ്ങിയവ മരങ്ങളാണ് നടുക. വാർഡ് അംഗം ബൈജു ജോർജ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.ജി.നിർമല, പി.ടി.എ പ്രസിഡന്റ് എം.കെ. ബിജു എന്നിവരുടെ മുൻകൈയിലാണ് തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെ പച്ചത്തുരുത്ത് യാഥാർത്ഥ്യമാക്കിയത്.സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പമാണ് പച്ചത്തുരുത്തിന്റെ ഉദ്ഘാടനവും നടത്തിയത്. പഞ്ചായത്തംഗം ബൈജു ജോർജ് ആദ്യ തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാതൃസമിതി പ്രസിഡന്റ് ശ്രീദേവി കിഷോർ, വൈസ് പ്രസിഡന്റ് ജോസിറ്റ ലിജോ, ജോസ്‌ന വർഗീസ്, പി.ടി.എ അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.