തൊടുപുഴ: അമിതതുക വൈദ്യുതി ബിൽ കിട്ടിയ ഉപഭോക്താക്കൾ പണം അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. ഇന്നലെ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും തീർപ്പായില്ല. ഉപഭോക്താക്കൾ ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ അടച്ചേ പറ്റൂവെന്ന നിലപാടിൽ കെ.എസ്.ഇ.ബി അധികൃതർ ഉറച്ചുനിന്നു. വെള്ളിയാഴ്ചയാണ് വെങ്ങല്ലൂർ വേങ്ങത്താനം ഭാഗത്ത് മണർകാട് സണ്ണി സെബാസ്റ്റ്യന്റെ വീട്ടിലും മുളയ്ക്കൽ എം.എസ്. പവനന്റെ വീട്ടിലും വൈദ്യുതി വിച്ഛേദിക്കാൻ അധികൃതരെത്തിയത്. ഇത് ചെയർമാനടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ഉപഭോക്താക്കളും ചേർന്ന് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചത്. അമിത ബിൽ വന്നതിനെ തുടർന്ന് പരാതി നൽകിയ വീടുകളാണിവ. രണ്ട് വീടുകളിൽ ഒന്നിൽ ബിൽ കുറച്ച് നൽകിയിരുന്നു. മറ്റൊരാൾക്ക് നൽകിയിട്ടുമില്ല. ഇദ്ദേഹം കൂടുതലായി വന്നിട്ടുള്ള തുക ഇപ്പോൾ അടയ്ക്കേണ്ടതില്ല. എന്നാൽ രണ്ട് വീടുകളിലെയും അവസാന രണ്ട് മാസത്തെ ബിൽ തുക കുടിശികയാണ്. ഈ തുക അടച്ചാൽ കുടിശികയുള്ള വലിയ തുകയിലേക്കേ കണക്കാക്കൂ എന്ന സാങ്കേതികതയുണ്ട്. അതിനാലാണ് തുക അടയ്ക്കാത്തതെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കി. വലിയ ബിൽ തുക പ്രതിമാസ തവണകളായി (ഇ.എം.ഐ) അടയ്ക്കാൻ തയ്യാറാണെന്നും തവണകൾ 12 മാസം എന്നുള്ളത് 24 ആക്കണമെന്നും ആവശ്യപ്പെട്ടു. മാസത്തവണകൾ 12 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. ബിൽ തുക കുറയ്ക്കാനുമാകില്ല. കുടിശിക ഇ.എം.ഐ ആക്കാൻ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ശേഷം മറ്റ് മാസങ്ങളിലെ ബിൽ സാധാരണ പോലെ അടയ്ക്കാം. കുടിശിക വന്നാൽ വിച്ഛേദിക്കുക മാത്രമാണ് അടുത്ത നടപടിയെന്നും അധികൃതർ പറഞ്ഞു.
'ബോർഡ് നടപടിയുമായി മുന്നോട്ട് പോയാൽ അനുവദിക്കില്ല. ബോർഡിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് ജനങ്ങൾ സഹിക്കണമെന്ന രീതി ശരിയല്ല. സമരവുമായി മുന്നോട്ടുപോകും."
-നഗരസഭാ ചെയർമാൻ സനീഷ് ജോർജ്