തൊടുപുഴ: നഗരത്തിലെ മാലിന്യ നീക്കവും നിർമാർജനവും തകർന്നതായി മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിന് ഇടവരുത്തുന്നതുമാണ്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് പാറക്കടവിൽ എത്തിച്ച ജൈവമാലിന്യം സംസ്‌കരിക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. ഇതിനായി രണ്ട് കോടി ചെലവിൽ മാലിന്യ സംസ്‌കരണത്തിനുള്ള കമ്പോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കാൻ കെട്ടിട നിർമ്മാണം നടത്തി. എന്നാൽ ഈ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോയില്ല. ഇങ്ങനെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തൊടുപുഴ പട്ടണത്തെ വിമുക്തമാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാറക്കടവിലെ ഉണങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന്റെ മറവിൽ ആരുടെയും മാലിന്യം ശേഖരിക്കുകയില്ലെന്നുള്ള നിലപാട് നഗരസഭ പുനഃപരിശോധിക്കണം. കച്ചവട സ്ഥാപനങ്ങളിൽ മൂന്നുതരം ബിന്നുകൾ വച്ചത് കൊണ്ട് മാലിന്യം ഇല്ലാതാവുകയില്ല. പട്ടണത്തിനുള്ളിൽ ദിവസേന അടിച്ചുവാരുന്ന മാലിന്യങ്ങൾ പല സ്ഥലങ്ങളിലായി കൂട്ടിയിട്ട് കത്തിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ശേഖരിക്കപ്പെടുന്ന പൊതുമാലിന്യം നിർമാർജനം ചെയ്യുന്നതിന് നഗരസഭയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നത് നിർഭാഗ്യകരമാണ്. ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികൾ ത്വരിതപ്പെടുത്തുകയും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.