തൊടുപുഴ: ക്രിസ്മസ് തകർത്ത് ആഘോഷിക്കാൻ ജനം കൂട്ടത്തോടെയിറങ്ങിയതോടെ തൊടുപുഴ നഗരം ഗതാഗത കുരുക്കിലമർന്നു. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം വാഹനങ്ങൾകൊണ്ട് നിറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇരുചക്ര വാഹനങ്ങൾ പോലും ഒരടി മുന്നോട്ടുപോകാൻ വിഷമിക്കുകയാണ്. രണ്ട് ദിവസമായി രാവിലെ മുതൽ നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകിട്ടാകുമ്പോൾ തിരക്ക് ഇരട്ടിയാകും. ഓണം ഷോപ്പിംഗിനായി ഇരുചക്രവാഹനമുപയോഗിക്കുന്നവർ പലരും കാറുകളിലെത്തിയതും കാൽനടക്കാർ ഓട്ടോറിക്ഷ ഉപയോഗിച്ചതും വാഹനത്തിരക്ക് കൂട്ടി. ഇടുക്കി റോഡിലാണ് ഏറ്റവും അധികം കുരുക്ക് അനുഭവപ്പെട്ടത്. ഗാന്ധി സ്‌ക്വയർ മുതൽ സെന്റ് മേരീസ് ആശുപത്രി വരെയും മൂപ്പിൽകടവ് പാലം മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വർഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾക്ക് പകരം രണ്ട് പൊലീസുകാർ ഗതാഗതനിയന്ത്രണത്തിനുണ്ടെങ്കിലും വലിയ പ്രയോജനമില്ല. മൂവാറ്റുപുഴ റോഡ്, പാലാ റോഡ്, മാർക്കറ്റ് റോഡ്, മത്സ്യമാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം കുരുക്ക് രൂക്ഷമായിരുന്നു. വെങ്ങല്ലൂർ മുതൽ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജംഗ്ഷൻ വരെയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസര പ്രദേശങ്ങളും കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രണാധീതമാണ്. ഈ സമയം ബസുകളും ഇതുവഴിയെത്തിയതോടെ പൂർണമായി സ്തംഭനാവസ്ഥിയിലായി. യാത്രക്കാരെ കയറ്റിയിറക്കി ബസുകൾ ഇഴഞ്ഞ് നീങ്ങുന്നതും റോഡരികിലെ പാർക്കിംഗും കുരുക്ക് ഇരട്ടിയാക്കി.

ബൈപ്പാസുകൾ കാലി

തൊടുപുഴയിൽ എട്ടോളം ബൈപ്പാസുകളുണ്ടെങ്കിലും പൊതുജനങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് അധികൃതർ പറയുന്നു. ബൈപാസുകൾ തിരഞ്ഞെടുക്കാതെ കൂടുതൽ വാഹനങ്ങൾ നഗരകവാടത്തിലേക്ക് കടന്നെത്തുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു കാരണം. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ മങ്ങാട്ടുകവലയിൽ നിന്ന് ബൈപാസ് വഴിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുമുണ്ടാകാറില്ല.