പീരുമേട്: ബോണസില്ലാതെ പട്ടിണിയിലും പരിവട്ടത്തിലുമാണെങ്കിലും ക്രിസ്മസ് ആഘോഷിക്കാൻ തോട്ടംമേഖലയും ഒരുങ്ങി. അതിപുരാതനകാലം മുതൽ തോട്ടംമേഖലയിലെ പ്രധാന ആഘോഷം ക്രിസ്മസായിരുന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരവും തേയിലത്തോട്ടങ്ങളുടെ വളർച്ചയും ക്രിസ്മസ് ആഘോഷത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബോണസ് കിട്ടുമെന്നതിനാൽ തൊഴിലാളികൾക്ക് പണ്ട് ഉത്സവകാലം കൂടിയായിരുന്നു. ഈ സമയത്തായിരുന്നു പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും കടങ്ങളും കൊടുത്തു തീർക്കുന്നതുമെല്ലാമെന്ന് പഴമക്കാർ പറയുന്നു. നേരത്തെ വലിയതോട്ടങ്ങൾ 18- 22 ശതമാനം വരെ തൊഴിലാളികൾക്ക് ബോണസ് നൽകിയിരുന്നു. പിന്നീട് അത് 8.31 ശതമാനമായി കുറഞ്ഞു. എ.വി.ടി കമ്പനിയും ഹാരിസൺ മലയാളം കമ്പനിയും ടൈഫോഡ് ടീ എസ്റ്റേറ്റുമാണ് മിനിമം ബോണസ് തൊഴിലാളികൾക്ക് നൽകുന്നത്. മറ്റ് തോട്ടങ്ങളിലൊന്നും രണ്ടു മൂന്നു വർഷമായി ഒന്നും നൽകുന്നില്ല. 1991 മുതൽ തോട്ടത്തിൽ പ്രതിസന്ധി ആരംഭിച്ചതോടുകൂടിയാണ് തൊഴിലാളികൾക്ക് കിട്ടിയിരുന്ന ബോണസ് ഇല്ലാതായത്. പൂട്ടി കിടക്കുന്ന തോട്ടങ്ങളിലെ ചോർന്ന് ഒലിക്കുന്ന ലയങ്ങളിൽ ഇല്ലായ്മകളുടെ നടുവിലാണ് തൊഴിലാളികൾ ഇപ്പോൾ ക്രിസ്തുമസ് ആഘോഷം നടത്തുന്നത്.