രാജാക്കാട്: നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത വർണാഭമായ റാലിയോടെ
രാജാക്കാട് ഫെസ്റ്റിന് തുടക്കമായി. കുടുംബശ്രീ, സി.ഡി.എസ്, ഹരിത കർമ്മസേന, അംഗൻവാടി പ്രവർത്തകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഫെസ്റ്റിന്റെ ഉദ്ഘാടനം എ. രാജാ എം.എൽ.എ നിർവ്വഹിച്ചു. 31ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി ഹെലികോപ്ടർ സവാരി, കുതിര സവാരി, കാർണിവൽ, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധതരം എക്‌സിബിഷനുകൾ, സ്റ്റാളുകൾ, ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവരുടെ വിവിധ കലാപരിപാടികൾ, മാജിക് ഷോ എന്നിവ സംഘടിപ്പിക്കും. ഫെസ്റ്റ് ദിവസങ്ങളിൽ
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് കൂപ്പണുകൾ നൽകി ഫെസ്റ്റിന്റെ
എല്ലാ ദിവസങ്ങളിലും വൈകിട്ട് നറുക്കിട്ട് സമ്മാനങ്ങൾ നൽകും. ഫെസ്റ്റ് കമ്മിറ്റി നൽകുന്ന സമ്മാനക്കൂപ്പൺ നറുക്കെടുത്ത് സമാപന ദിവസം ബംബർ സമ്മാനങ്ങളും വിതരണം ചെയ്യും. സാംസ്‌കാരിക റാലിക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. സതി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.എസ്. ബിജു സ്വാഗതം ആശംസിച്ചു. ലോഗോ സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവ്വഹിച്ചു, വ്യാപരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ നിർവ്വഹിച്ചു. ഉഷാകുമാരി മോഹൻകുമാർ, ഫാ.ജോബി വാഴയിൽ, വിവിധ രാഷ്ട്രീയ സാമൂഹ്യനേതാക്കൾ
എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫ്യൂഷൻ ചെണ്ടമേളവും സ്റ്റേജ് ഷോയും നടത്തി. 31 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ ഫെസ്റ്റ് ഗ്രൗണ്ടിൽ വിവിധ എക്‌സിബിഷനുകളും 4 മുതൽ വിവിധ കലാപരിപാടികളും നടക്കും. ഇന്ന് വൈകിട്ട് നാലിന് രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിന്റെ കലാപരിപാടികൾ, മാദ്ധ്യമ സെമിനാർ, രാത്രി 8.30ന് ഗാനമേള എന്നിവ നടക്കും.