വണ്ടിപ്പെരിയാർ: ആറു വയസുകാരി മരണപ്പെട്ട കേസിലെ പ്രതിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണത്തിൽ എത്തിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെ ചുരക്കളത്തെ വീട്ടിൽ എത്തിയ പ്രതിയുടെ കുടുംബാംഗങ്ങൾക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുടെ പ്രതിഷേധം മൂലം വീട്ടിൽ കയറാനായില്ല. വീട്ടിനുള്ളിൽ നിന്ന് ആവശ്യമായ സാധനങ്ങൾ എടുക്കാനായിരുന്നു കോടതി പൊലീസ് സംരക്ഷണം നൽകിയത്. എന്നാൽ കടുത്ത പ്രതിഷേധം തുടർന്നതിനെ തുടർന്ന് പൊലീസിന് പ്രതിയുടെ കുടുംബാംഗങ്ങൾക്ക് മടക്കി കൊണ്ടുപോകേണ്ടിവന്നു. കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയിരുന്നു. പിന്നീട് കുടുംബം സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഹൈക്കോടതി പൊലീസ് സംരക്ഷണം കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ ചുരക്കുളത്തെ വീട്ടിൽ എത്തിയത്. ഇവർ വന്ന വിവരമറിഞ്ഞ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും രോക്ഷാകുലരായി ബഹളം വച്ചു. തുടർന്ന് പ്രശ്‌നം വഷളാകുമെന്ന് കണ്ട വണ്ടിപ്പെരിയാർ പൊലീസ് പ്രതിയുടെ കുടുംബാംഗങ്ങളെ തിരികെ കൊണ്ടുപോവുകയായിരുന്നു.