കുമളി: ക്രിസ്മസ് പുതുവത്സരം ആഘോഷത്തിനുള്ള ലഹരി കടത്ത് തടയാൻ സംസ്ഥാന അതിർത്തിയിൽ കേരളോ തമിഴ്നാട് സംയുക്ത പരിരോധന നടന്നു.
കേരളത്തിലെ എക്‌സൈസ് , തമിഴ് നാട്ടിലെ പൊലീസ് , തമിഴ്നാട് വനം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ചേർന്നാണ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.കഴിഞ്ഞ കുറേ നാളുകളായി കഞ്ചാവ് ഉൾപ്പടെയുള്ളവ വൻതോതിൽ തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക്ക് ഇടനിലക്കാർ വഴി കച്ചവടത്തിനെത്തിയിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന് തമിഴ്നാട് കേന്ദ്രീകരിച്ച് സംഘങ്ങൾ പ്രവർത്തിച്ച് വരുന്നതും അധികൃതർ കരുതലോടെ പ്രതിരേട്ടമിച്ച് വരുകയാണ്.
ഞായറാഴ്ച്ച രാവിലെ ആരംഭിച്ച പരിശോധനയ്ക്കിടെ ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവ് പിടിയിലാകുകയും ചെയ്തു.വണ്ടിപ്പെരിയാർ സ്വദേശിയായ ധർമ്മധർമ്മം (19) ആണ് കഞ്ചാവുമായി പിടിയിലായത് . കുമളിയിലെ അതിർത്തി ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സംഘവും പരിശോധനയിൽ പങ്കെടുത്തു. കുമളിയിലെ അതിർത്തി ചെക്ക്‌പോസ്റ്റ് , റോസാപ്പൂക്കണ്ടം, വട്ടക്കണ്ടം , തമിഴ് നാട് പാണ്ടിക്കുഴി, അമരാവതി, ആറാം മൈൽ, ചക്കുപള്ളം , ചെല്ലാർകോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടന്നു.
പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്യത്തിൽ പ്രിവന്റീവ് ഓഫീസർ ഡി.സതീഷ് കുമാർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ സിയാദ്, മുകേഷ് എന്നിവരും തമിഴ്നാട് പോലീസ് പ്രൊവിഷൻ വിങ് സർക്കിൾ ഇൻസ്‌പെക്ടർ സൂര്യ തിലകറാണി , തമിഴ്നാ വനം വകുപ്പ് റേഞ്ച് ഓഫീസർ നടരാജൻ എന്നിവർ വിവിധ ഭാഗങ്ങളിൽ പരിശോധനയ്ക്ക് നേത്യത്വം നൽകി.
ആഘോഷം
പൊലിപ്പിക്കലിന് തടയിട്ട്....
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി തമിഴ്നാട്ടിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളവും തമിഴ്നാടും സംയുക്തമായി പരിശോധന സംഘടിപ്പിച്ചത്. കേരളത്തിലേയ്ക്ക് കടത്തുന്നതിനായി വൻതോതിൽ മയക്ക്മരുന്നുകൾ തമിഴ് നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസ് ഈ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി വരുകയാണ്.