തൊടുപുഴ:ഇന്ന് വൈകി​ട്ട് വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന് എല്ലാ മലയാളികളും തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി ആവശ്യപ്പെട്ടു. കരുണയുടെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് ദിന സന്ധ്യയിൽ കേരളം ഒറ്റകെട്ടായി സ്ത്രീധനത്തിനെതിരെ ആരംഭിക്കുന്ന ശക്തമായ ബോധവൽക്കരണമായി ഇത് മാറണമെന്ന് ആഗ്രഹിക്കുന്നതായി സംസ്ഥാന വനിത കമ്മറ്റി പ്രസിഡന്റ് വി.വി. ഹാപ്പി, സെക്രട്ടറി എൻ.എൻ. പ്രജിത, ഇടുക്കി ജില്ലാ കമ്മറ്റി പ്രസിഡന്റ് ആൻസ് ജോൺ, സെക്രട്ടറി സി.ജി അജീഷ എന്നിവർ അറിയിച്ചു. ഈ സാമൂഹിക വിപത്തിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന വനിതാകമ്മിറ്റി ഒരു ബോധവൽക്കരണ യജ്ഞത്തിന് ആരംഭം കുറിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീധന വിരുദ്ധ കാമ്പയിന് നൂറുകണക്കിന് പ്രമുഖരായ കാലാ സാഹിത്യ രാഷ്ടീയ പ്രവർത്തകർ ഇതിനോടകം തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന വീട്ടകങ്ങളിലെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെ സമൂഹത്തിന്റെ എല്ലാ എല്ലാ തലങ്ങളി​ലും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും കുടുംബ സമേതം ദീപം തെളിയിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് ജോയിന്റ് കൗൺസിൽ വനിത കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.