തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ റോബോട്ടിന്റെ സഹായത്തോടെ നടത്തിയ പിത്താശയ കല്ല് നീക്കം ചെയ്യൽ വിജയകരമായി പൂർത്തിയാക്കി. റോബോട്ടിക് ആം അസിസ്റ്റഡ് ശസ്ത്രക്രിയ ചെറിയ മുറിവുകളിലൂടെ വ്യക്തതയോടും കൃത്യതയോടും കൂടി ഓപ്പറേഷൻ ചെയ്യുവാൻ സർജനെ സഹായിക്കുന്ന അതിനൂതന ശസ്ത്രക്രിയാ സംവിധാനമാണിത്. കുടയത്തൂർ സ്വദേശിയായ 56 കാരനിൽ ആണ് ഈ ശസ്ത്രക്രിയ നടത്തിയത്. പിത്താശയത്തിൽ കല്ല് ബാധിച്ച് ആശുപത്രിയിൽ എത്തിയ രോഗിക്കാണ് ജനറൽ, ലാപ്പറോസ്‌കോപ്പിക്, റോബോട്ടിക് സർജൻ ആയ ഡോ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ ഡോക്ടർമാരായ ഡോ. എം. എം. തോമസ്, ഡോ. ഉഷ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ഈ ആശുപത്രിയിൽ തുടർച്ചയായി ഹെർണിയ സർജറി, അപ്പെൻഡിക്‌സ് നീക്കം ചെയ്യും. പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യൽ, ഗർഭപാത്രം നീക്കം ചെയ്യൽ, അണ്ഡാശയത്തിലെ മുഴകൾ, കുടൽ സംബന്ധമായ ഓപ്പറേഷനുകൾ എന്നിവ ലാപ്പറോസ്‌കോപ്പിക് സർജറികൾ, ഓപ്പൺ സർജറികൾ എന്നിവയിലൂടെ നടന്നു വരുന്നു. ഓപ്പറേഷൻ കഴിഞ്ഞ രോഗി അതിവേഗം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.