 പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം മണിക്കൂറുകളുടെ വാഹനകുരുക്ക്

തൊടുപുഴ: അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും വാഗമണ്ണും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാർത്ഥത്തിൽ ഹൗസ് ഫുള്ളായി. മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രമെത്തിയത് മുക്കാൽ ലക്ഷത്തിലേറെ പേരാണ്. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച 28,​233 സഞ്ചാരികളാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശച്ചത്. വാഗമണ്ണിലാണ് അഭുത പുർവമായി തിരക്കനുഭവപ്പെട്ടത്. ചില്ലുപാലമുള്ള വാഗൺ അഡ്വഞ്ച്വർ പാർക്കിൽ ക്രിസ്മസിന് 6968 പേരും ഞായറാഴ്ച 7110 പേരും എത്തി. അവധിദിനങ്ങൾ ആഘോഷമാക്കാൻ പതിനായിരങ്ങൾ വാഹനങ്ങളിൽ ഒഴുകിയെത്തിയതോടെ പ്രധാന റോഡുകളിലെല്ലാം കുരുക്ക് രൂക്ഷമായി. പല സഞ്ചാരികളും മണിക്കൂറുകളെടുത്താണ് ഓരോ കിലോമീറ്ററും താണ്ടിയത്. ഡിസംബർ 20 മുതൽ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ടൂറിസം മേഖലയിൽ തിരക്ക് മൂലം മുറികൾ കിട്ടാത്ത അവസ്ഥയായിരുന്നു. മുറികൾ ലഭിക്കാത്തതിനെ തുടർന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ. 23 മുതൽ പ്രതിദിനം അയ്യായിരത്തിലേറെ സഞ്ചാരികളാണ് വാഗമൺ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച അത് പതിനായിരത്തിന് അടുത്തെത്തി. പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങൾ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. ശ്രീനാരായണപുരം, പൊന്മുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങൾ സഞ്ചാരികളാൽ നിറഞ്ഞു. പുതുവത്സരത്തിനു എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടൽ.

ഞായർ തിങ്കൾ ദിവസങ്ങളിലെ സഞ്ചാരികൾ

മാട്ടുപ്പെട്ടി- 390, 400

രാമക്കൽമേട്- 2368,​ 3112

അരുവിക്കുഴി- 246, 619

ശ്രീനാരായണപുരം- 1678, 1508

വാഗമൺ മൊട്ടക്കുന്ന്- 9606,​ 8570

വാഗമൺ അ‌ഡ്വഞ്ചർ പാർക്ക്- 7110,​ 6968

പാഞ്ചാലിമേട്- 2023, 2153

ഇടുക്കി ഹിൽവ്യു പാർക്ക് 1757,​ 2028

ബൊട്ടാണിക്കൽ ഗാർഡൻ- 2970,​ 2875

മലങ്കര ടൂറിസം

ഹബ്ബിലെത്തിയത് 8000ലേറെ പേർ

ശനി, ഞായർ, തിങ്കൾ, ചൊവ്വ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മലങ്കര ടൂറിസം ഹബ്ബ് സന്ദർശിച്ചത് 8000 ലേറെ പേർ. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച മാത്രം 3500 പേരാണ് ഇവിടേക്ക് എത്തിയത്. കുട്ടികളുടെ പാർക്ക്, അണക്കെട്ടിന്റെയും ചുറ്റ് പ്രദേശങ്ങളിലേയും സന്ദർശനം, എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങൾ മാത്രമാണ് മലങ്കര ഹബ്ബിൽ ഒരുക്കിയിട്ടുള്ളത്. എങ്കിലും നിത്യവും അനേകം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഹബ്ബിനോട് അനുബന്ധിച്ച് സജ്ജമാക്കിയ മ്യൂസിക്ക് സിസ്റ്റത്തിൽ നിന്ന് ഒഴുകിയെത്തുന്ന മെലഡി ഗാനങ്ങൾ, വൈകുന്നേരങ്ങളിൽ തെളിയുന്ന വൈദ്യുത ദീപാലങ്കാരങ്ങൾ ഇതൊക്കെ കാണാനും ആസ്വദിക്കാനും കുടുംബ സമേതമാണ് ജനങ്ങൾ ഇവിടേക്ക് എത്തുന്നത്. ഇവിടേക്ക് എത്തുന്നവരുടെ വാഹനങ്ങൾ ഹബ്ബിൽ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ പ്രധാന പ്രവേശന കവാടത്തിന് വെളിയിലാണ് പാർക്ക് ചെയ്യുന്നത്.