കട്ടപ്പന: അനധികൃത മദ്യവിൽപ്പന അന്വേഷിച്ച് എത്തിയ വണ്ടൻമേട് പൊലീസിനെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത മൂന്നുപേർ അറസ്റ്റിൽ. അണക്കര നെറ്റിത്തൊഴു പാലാക്കണ്ടം കൊച്ചുപറമ്പിൽ പാനോസ് വർഗീസ് (31), സഹോദരൻ ജിബിൻ വർഗീസ് (26), പാലാക്കണ്ടം കാരയ്ക്കാകുഴിയിൽ ജോമോൻ ചാക്കോ(33) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ കച്ചവട സ്ഥാപനത്തിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നെന്ന വിവരം അന്വേഷിക്കാൻ ഞായറാഴ്ച വൈകീട്ടാണ് വണ്ടൻമേട് പൊലീസ് എത്തിയത്. പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്യവെ സ്ഥലത്തുണ്ടായിരുന്ന പ്രതികൾ പൊലീസുമായി തർക്കത്തിലേയ്ക്ക് നീങ്ങി. സംഘത്തിൽ ഒരാളെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയിരുത്തിയെങ്കിലും മറ്റുള്ളവർ ചേർന്ന് ഇയാളെ ബലമായി പുറത്തിറക്കി. തുടർന്ന് മദ്യപസംഘം എസ്‌.ഐ എബി പി. മാത്യു, ഗ്രേഡ് എസ്.ഐ കെ.ജി. പ്രകാശ്, സി.പി.ഒ ശ്യാം മോഹൻ എന്നിവരെ കൈയേറ്റം ചെയ്യുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.