കരിങ്കുന്നം: തമിഴ്‌നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിൽ 18 യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ആറോടെ കരിങ്കുന്നം നെല്ലാപ്പാറയ്ക്ക് സമീപമായിരുന്നു അപകടം. ബസ് മറിഞ്ഞിടത്ത് എട്ടടിയോളം താഴ്ചയുണ്ട്. ബസ് തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരാണ് തീർത്ഥാടകരെ പുറത്തെത്തിച്ച് സമീപത്തെ ആശുപത്രിയിലാക്കിയത്. ഡ്രൈവർക്ക് വഴി പരിചയമില്ലാഞ്ഞതാണ് അപകട കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.