തൊടുപുഴ: ഉയർന്ന വൈദ്യുതി ബിൽ വന്ന ഉപഭോക്താക്കളും കെ.എസ്.ഇ.ബിയും തമ്മിൽ നിലനിന്ന തർക്കത്തിന് താത്കാലിക പരിഹാരം. നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതരും ഉപഭോക്താക്കളും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. ജൂലായ് മാസത്തിന് മുമ്പ് ഒരു വർഷത്തെ വിശദമായ ബിൽ പരാതിക്കാർക്ക് നൽകാമെന്നും തുക 12 തവണകൾ എന്നുള്ളത് 24 തവണകളാക്കി അടച്ചാൽ മതിയെന്നും അധികൃതർ പറഞ്ഞു. തവണ സംവിധാനത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പലിശ മാത്രമേ ഉണ്ടാകൂ. മുഴുവനായി തുക അടയ്ക്കുകയാണെങ്കിൽ പലിശയുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. മാസത്തവണകൾ 12 എണ്ണം മാത്രമേ അനുവദിക്കാനാകു എന്ന നിലപാടായിരുന്നു ശനിയാഴ്ച കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നത്. വലിയ തുക ബില്ലായി ലഭിച്ച എല്ലാ ഉപഭോക്താക്കൾക്കും പുതിയ തീരുമാനം ബാധകമാണ്. രണ്ടു മാസത്തെ ബിൽ കുടിശികയുള്ളതിനാൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങല്ലൂർ വേങ്ങത്താനം ഭാഗത്ത് മണർകാട് സണ്ണി സെബാസ്റ്റ്യന്റെയും മുളയ്ക്കൽ എം.എസ്. പവനന്റെയും വീടുകളിൽ വൈദ്യുതി വിച്ഛേദിക്കാൻ അധികൃതരെത്തിയത്. ഇത് ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ഉപഭോക്താക്കളും ചേർന്ന് തടഞ്ഞിരുന്നു. തുടർന്ന് ശനിയാഴ്ച ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു. ഉപഭോക്താക്കൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ കെ.എസ്.ഇ.ബി അധികൃതർ അംഗീകരിച്ചെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.