haritha-karma-sena

തൊടുപുഴ: രണ്ട് മാസം മുമ്പ് നഷ്ടമായ സ്വർണക്കമ്മലുകൾ ഹരിത കർമ്മാ സേനാംഗങ്ങളുടെ സത്യ സന്ധതയിൽ തിരികെ ലഭിച്ചു. മണക്കാട് കുന്നത്തുപാറ വള്ളിമലക്കുന്നേൽ അജിഷ്മ ആനന്ദിന്റെ നാലു ഗ്രാം തൂക്കം വരുന്ന കമ്മലുകൾ രണ്ട് മാസം മുമ്പ് നഷ്ടമായതാണ്. പലയിടത്തും തിരഞ്ഞെങ്കിലും കാണാത്തതിനെ തുടർന്ന് നഷ്ടമായെന്ന് കരുതിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഏഴാം വാർഡ് ഹരിത കർമസേനാംഗങ്ങളായ സരിത ഗോപകുമാർ, അൻസീന ഹരി എന്നിവർ വീട്ടിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. ഇവ തരംതിരിക്കുന്നതിനിടെ കടലാസിൽ പൊതിഞ്ഞ നിലയിൽ കമ്മലുകൾ ലഭിച്ചു. അന്വേഷിച്ചപ്പോൾ അജിഷ്മയുടെ കമ്മലുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞു. ഉടൻ തന്നെ ഇവർ അജിഷ്മയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചു. തുടർന്ന് വാർഡ് മെംബർ ജീന അനിലിന്റെ സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ കൈമാറി. കമ്മലുകൾ തിരിക ലഭിച്ച അജിഷ്മയും ഭർത്താവ് ആനന്ദും ഹരിതകർമസേനാംഗങ്ങൾക്ക് നന്ദി അറിയിച്ചു.