
വണ്ണപ്പുറം: ക്രിസ്മസ് ദിനത്തിൽ ആനചാടികുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൊമ്മൻകുത്ത് പുഴയിൽ മുങ്ങി മരിച്ചു. വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന താന്നി വിളയിൽ പരേതനായ സാജന്റ മകൻ ബ്ലെസൻ (23), പടിഞ്ഞാറെ കോടിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഒറ്റപ്ലായ്ക്കൽ ഐസക്കിന്റെ മകൻ മോസസ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുടുംബാംഗങ്ങളൊരുമിച്ച് ആനചാടികുത്ത് കാണാനെത്തിയതായിരുന്നെങ്കിലും സഞ്ചാരികളുടെ വലിയ തിരക്ക് കാരണം തിരികെ പോവുകയായിരുന്നു. പോരുന്നവഴിയിൽ തൊമ്മൻകുത്ത് ജുമാ മസ്ജിദിന് സമീപമുള്ള തൊമ്മൻകുത്ത് പുഴയുടെ ഭാഗമായ വട്ടകയത്തിൽ ഐസക്കും കുട്ടികളും കുളിക്കാനിറങ്ങി. ബ്ലെസന്റെ സഹോദരി ബോട്ട്‌സി പുഴയിൽ ഒഴുക്കിൽപ്പെട്ടു. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബ്ലെസനും മോസസും ഒഴുക്കിൽപ്പെട്ടു. എന്നാൽ ഒപ്പം ഉണ്ടായിരുന്ന ബ്ലെസനും മോസസും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. ഇരുവർക്കും നീന്തൽ വശമില്ലായിരുന്നു. മോസസിന്റെ അച്ഛന്റെ ഐസക്ക് ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ബോട്ട്സിയെ രക്ഷപ്പെടുത്തി. യുവാക്കളെ പുഴയിൽ നിന്ന് കരയ്‌ക്കെത്തിച്ച് ഉടൻ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്ലെസന്റെ അമ്മ ജിജി. സഹോദരങ്ങൾ ബോട്‌സൺ, ബോട്‌സി. മോസസിന്റ അമ്മ ഷൈബി. സഹോദരി: ഡോമ. കരിമണ്ണൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ചാത്തമറ്റം പെന്തകോസ്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.