അടിമാലി: ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് മച്ചിപ്ലാവ് ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. മാലിന്യമുക്തം നവകേരളം എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ഉദ്ഘാടന സമ്മേളനത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ മദർ ആനി പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അടിമാലി ക്ലസ്റ്റർ പി.എ.സി മെമ്പർ സി. അബീഷ് എൻ.എസ്.എസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് അഡ്വ. പ്രവീൺ കെ. ജോർജ് ആശംസയർപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ സുനി ജോസഫ് നന്ദിയും പറഞ്ഞു. മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങൾ കണ്ടെത്തി സൗന്ദര്യവത്കരിക്കുന്ന സ്‌നേഹാരാമം പദ്ധതിയാണ് പ്രധാന പ്രവർത്തനം. ഉത്പന്ന നിർമാണ വിതരണം, ഹരിതഗൃഹം പദ്ധതി, ഗ്രീൻ ക്യാൻവാസ്, ജീവദ്യുതി പോൾ ബ്ലഡ്, തെരുവുനാടകം, വയോജന സന്ദർശനം എന്നിവയും ഉണ്ടാകും. കൂടാതെ ഒപ്പം, സമദർശൻ, സന്നദ്ധം, ഭാരതീയം, ഹ്യൂമൻ ബുക്ക് തയാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും ജനുവരി ഒന്നു വരെ നീളുന്ന ക്യാമ്പിന്റെ ഭാഗമാകും.