
കട്ടപ്പന: ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അഞ്ചുരുളിയിൽ വനംവകുപ്പിന്റെ നിഷേധാത്മക നിലപാട് കാരണം അപകടമൊഴിവാക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാനാകുന്നില്ല. ഇവിടത്തെ പ്രധാന ആകർഷണമായ തുരങ്കമുഖം കാണുകയെന്നത് ഇപ്പോൾ ഒരു ദുരന്ത അനുഭവമാണ്. ടണൽ മുഖത്തേയ്ക്കുള്ള ഏക മൺപാത തകർന്ന് തരിപ്പണമായി. ടണൽ ഭാഗത്തുണ്ടായിരുന്ന സുരക്ഷാ വേലി തകർന്നു. തടാക കരയിലേയ്ക്ക് ഇറങ്ങാൻ നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഒരു ഭാഗം 2021ലെ കാലവർഷത്തിൽ തകർന്നിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ കാഞ്ചിയാർ പഞ്ചായത്ത് തയ്യാറായിരുന്നെങ്കിലും വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല. ഈ ഭാഗത്തേയ്ക്ക് വലിയ വാഹനങ്ങളെത്തിയാൽ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്. അഞ്ചുരുളി ടണൽ മുഖത്തേയ്ക്ക് സഞ്ചാരികൾ നടന്നെത്താൻ ഉപയോഗിക്കുന്ന മൺപാതയും വശങ്ങളിടിഞ്ഞ് ഭീഷണിയിലാണ്. പ്രായമായവർക്ക് ടണലിനടത്തേക്ക് എത്താനാകാത്ത സ്ഥിതിയാണ്. ടണൽ മുഖത്ത് നിന്ന് സഞ്ചാരികൾ കാൽ വഴുതി വീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. സഞ്ചാരികൾക്ക് വേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിന് പോലും ഇവിടെ ആളില്ല. ക്രിസ്മസ് അവധി തുടങ്ങിയത് മുതൽ അഞ്ചുരുളിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
വെള്ളം കാണാതെ ബോട്ടിംഗ്
അഞ്ചുരുളി ജലാശയത്തിൽ ബോട്ടിംഗ് ആരംഭിക്കുന്നതിന് വി.എസ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബോട്ട് വെള്ളം കാണാതെ ഇപ്പോഴും കരയിലിരിക്കുകയാണ്. വനംവകുപ്പ് അനുമതി നൽകാത്തതിനാലാണ് ബോട്ടിംഗ് അനുവദിക്കാത്തത്. കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗത്തിന്റെയാണ് ജലാശയമെങ്കിലും ഇതിലെ വെള്ളത്തിന്റെ ഉടമസ്ഥാവകാശം വനംവകുപ്പിനാണെന്ന നിയമം പറഞ്ഞാണ് ബോട്ടിംഗിന് തടയിട്ടത്. ബോട്ടിംഗ് കൂടി ആരംഭിച്ചാൽ നിരവധി സഞ്ചാരികൾ ഇരട്ടിയായേനെ. സർക്കാരിന് കൂടുതൽ വരുമാനവും ലഭിക്കുമായിരുന്നു.
ഒറ്റ പാറയിൽ തീർത്ത തുരങ്കം
കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിലെ കക്കാട്ടുകടയിൽ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം. ഇടുക്കി അണക്കെട്ടിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാറിലെ ഡൈവേർഷൻ ഡാമിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് പ്രധാന പ്രത്യേകത. 1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റപാറയിലാണ് കോലഞ്ചേരിയിലെ പ്രമുഖ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിൽ നിർമ്മിച്ചത്. രണ്ടിടങ്ങളിൽ നിന്ന് ഒരേ സമയം നിർമാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഉള്ളിൽ അരക്കിലോമീറ്ററോളം ദൂരത്തിൽ മാത്രമേ ആവശ്യമായ വെളിച്ചവും വായുവും ലഭ്യമാകൂ.
സിനിമയിലെത്തിയപ്പോൾ സ്റ്റാറായി
നിരവധി സിനിമകളിലെ ഇഷ്ട ലൊക്കേഷനായതോടെയാണ് അഞ്ചുരുളി പ്രശസ്തമായത്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷൻ, ലൈഫ് ഓഫ് ജോസൂട്ടി, ഇയ്യോബിന്റെ പുസ്തകം, ജെയിംസ് ആൻഡ് ആലീസ്, എബി, മരംകൊത്തി എന്നീ സിനിമകളിൽ 'മുഖം കാട്ടി'യതോടെ അഞ്ചുരുളി വെള്ളിത്തിരയിൽ താരമായി. നിരവധി അന്യഭാഷ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇതോടെ 'താരത്തെ' ഒരു നോക്ക് ' സഞ്ചാരികൾ തിക്കിതിരക്കിയെത്തുകയായിരുന്നു