
തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ കൃഷിയിടത്തിൽ വീണ്ടും കാട്ടാന ആക്രമണം. ഇത്തവണ വേളൂർ പൊങ്ങംതോട് ഭാഗത്താണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയും പിന്നീട് ചൊവ്വാഴ്ചയും ഈ മേഖലയിൽ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ശനിയാഴ്ച എത്തിയ കാട്ടാനകൾ വാഴയിൽ ജോണിയുടെ വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ചൊവ്വാഴ്ച ഇതിനു സമീപത്തു തന്നെയുള്ള വാഴകാട്ട് മേരിയുടെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് അമയപ്ര ഭാഗത്തും തൊമ്മൻകുത്തിലും കൃഷിയിടങ്ങളിൽ കാട്ടാന ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ വർഷവും വേളൂർ ഭാഗത്ത് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വാഴയിൽ സണ്ണിയുടെ കൃഷിയാണ് അന്ന് നശിപ്പിച്ചത്. പിന്നീട് ഇപ്പോഴാണ് കാട്ടാനകളെത്തുന്നത്. സർക്കാർ പതിച്ചു നൽകിയ പട്ടയഭൂമിയിലാണ് കർഷകർ താമസിക്കുന്നത്. ഇതിനു ചുറ്റും തേക്ക് പ്ലാന്റേഷനാണ്. വേളൂർ വനത്തിൽ നിന്നാണ് കാട്ടാനകളെത്തുന്നത്. തുടർച്ചയായി കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് ഇവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കുട്ടിയാന ഉൾപ്പെടെയുള്ള ഏഴംഗ ആനക്കൂട്ടമാണ് പ്രദേശത്തു തമ്പടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രിയിൽ എത്തുന്ന ആനകളെ നാട്ടുകാർ പടക്കംപൊട്ടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയുമാണ് തുരത്തുന്നത്. എന്നാൽ രാത്രിയിൽ വീണ്ടും ഇവ എത്തുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രണ്ടു കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചാൽ കാട്ടാന ശല്യം ചെറുക്കാൻ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഇതിനായുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.