jadha

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ 30ന് കോട്ടയം എം.ആർ.എഫിന് മുമ്പിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായുള്ള പ്രചരണജാഥ ജില്ലയിലുടനീളം വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി തൊടുപുഴയിൽ സമാപിച്ചു. രാവിലെ വണ്ണപ്പുറത്ത് നിന്ന് ആരംഭിച്ച ജാഥ കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, ആലക്കോട്, ഇളംദേശം, അശോകകവല, കാഞ്ഞാർ, മുട്ടം, കരിങ്കുന്നം, വഴിത്തല എന്നീ കേന്ദ്രങ്ങളിലൂടെ ജാഥ പര്യടനം നടത്തിയാണ് തൊടുപുഴയിൽ സമാപിച്ചത്. കുത്തക വ്യവസായികൾ ജനങ്ങളെ വൻതോതിൽ ചൂഷണം ചെയ്ത് കോടികൾ കൊള്ളയടിച്ച 1788 കോടി രൂപ കേന്ദ്ര ഗവൺമെന്റ് ഈടാക്കി റബ്ബർ കർഷകർക്ക് വിതരണം ചെയ്യുക, 300 രൂപാ റബ്ബറിനു താങ്ങുവില നിശ്ചയിച്ച് സംഭരിക്കുക, ആവർത്തനകൃഷിക്ക് നൽകിയിരുന്ന സഹായങ്ങൾ പുനഃസ്ഥാപിക്കുക, കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംയുക്തകർഷക സമിതിയുടെ നേതൃത്വത്തിൽ കോട്ടയം എം.ആർ.എഫിന് മുമ്പിലേക്ക് നടത്തുന്ന മാർച്ചിന് മന്നോടിയായാണ് പ്രചരണ ജാഥ നടത്തിയത്.

കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ക്യാപ്ടനും കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര വൈസ് ക്യാപ്ടനും, സിനോജ് വള്ളാടി മാനേജരും പി.എസ്. സുരേഷ്, പി.പി. ചന്ദ്രൻ, സാബു മാത്യു, ഡൊമിനിക് മടുക്കക്കുഴി, ദിലീപ് പുത്തരി, ക്രിസ്റ്റി തോമസ്, ബാബു മഞ്ഞള്ളൂർ എന്നിവർ ജാഥാംഗങ്ങളുമായിരുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ റബ്ബർ കർഷകർ ഉൾപ്പെടെയുള്ള കർഷകതൊഴിലാളികളിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്. സമാപന സമ്മേളനത്തിൽ ജോസ് വഴുതനപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, കിസാൻ സഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, ടി.ആർ. സോമൻ, റെജി കുന്നംകോട്ട് എന്നിവർ പങ്കെടുത്തു. സി.എസ്. ഷാജി സ്വാഗതം ആശംസിച്ചു.