വണ്ണപ്പുറം: അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി മുടക്കം വണ്ണപ്പുറം ടൗണിനെയും സമീപ ഗ്രാമങ്ങളെയും നിശ്ചലമാക്കി. ഇന്നലെ രാവിലെ ഒമ്പതിന് നിലച്ച വൈദ്യുതി പുനഃസ്ഥാപിച്ചത് ഉച്ചയോടെയാണ്. വൈദ്യുതി മുടക്കം പതിവാകുന്നത് സംബന്ധിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്. വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും വൈദ്യുതി മുടക്കം മൂലം വലിയ നഷ്ടമാണ് ദിവസേന ഉണ്ടാക്കുന്നത്. വൈദ്യുതി മുടക്കം പതിവായതോടെ ഉപഭോക്താക്കളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തമ്മിൽ തർക്കം പതിവാണ്. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷിക്കാൻ വിളിച്ച മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളെ വൈദ്യുതി വകുപ്പിന്റെ കാളിയാർ സെക്ഷൻ ഓഫീസ് ഉദ്യോഗസ്ഥർ അപമാനിച്ചെന്നും പരാതി നിലനിൽക്കുന്നുണ്ട്. ഉപഭോക്താക്കൾ ഉദ്യോഗസ്ഥരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് കാട്ടി കാളിയാർ കെ.എസ്.ഇ.ബി അസി. എൻജിനിയറും സബ് എൻജിനിയറും പൊലീസിൽ പരാതി നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. സ്ഥിതി ഇത്രയും വഷളായിട്ടും പ്രശ്‌നം പരിഹരിക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഉപഭോക്താക്കൾ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി എന്നിവർക്ക് ഭീമ ഹർജി നൽകിയിട്ടും പരിഹാരമില്ല.