ministerks
തീർത്ഥാടകർക്ക് സത്രത്തിൽ കുറവുകൾ പരിഹരിച്ച് പ്രധാന ഇടത്താവളമായി ഉയർത്തുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിക്കവെ നിർദേശം നൽകുന്നു (ഫയൽഫോട്ടോ)

പീരുമേട്: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയായ സത്രം വഴിയുള്ള തീർത്ഥാടകരുടെ എണ്ണം ഇരട്ടിയായിട്ടും ഇവിടെ ഇടത്താവളം ആരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. മുമ്പ് ഒരു വർഷവും ഉണ്ടാകാത്ത ഭക്തജനപ്രവാഹമാണ് ഈ മണ്ഡല മഹോത്സവത്തിലുണ്ടായത്. 72816 പേരാണ് ഈ വർഷം സത്രം- പുല്ലുമേട് വഴി ശബരിമലയിലെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. മുമ്പ് ഒരു ദിവസം ശരാശരി മൂവായിരത്തിൽ താഴെ അയ്യപ്പന്മാരായിരുന്നു ഇതുവഴി പോയിരുന്നതെങ്കിൽ ഇത്തവണ 7000- 8000 പേരായി ഉയർന്നു. എന്നാൽ തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. തീർത്ഥാടകരുടെ വമ്പിച്ച പ്രവാഹം അധികൃതരുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചു. കഴിഞ്ഞവർഷം ജനുവരിയിൽ മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിച്ചിരുന്നു. അന്ന് സത്രത്തെ പ്രധാന ഇടത്താവളമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ സീസണിലും കുറ്റമറ്റതായ സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തീർത്ഥാടകരുടെ തിരക്കനുസരിച്ചുള്ള സൗകര്യങ്ങൾ സത്രത്തിൽ ആവശ്യമാണ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോലും ധാരാളം അയ്യപ്പഭക്തർ ഇതുവഴി മലയ്ക്ക് പോകാനെത്തുന്നുണ്ട്. ഇവരുട വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയെന്നത് അധികൃതർ ചെയ്യേണ്ട കാര്യമാണ്. മേഖലയിൽ ദേവസ്വം ബോർഡിന്റെ അധീനതയിൽ പത്തേക്കർ സ്ഥലമുണ്ട്. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഈ സ്ഥലം പൂർണ്ണമായും വിട്ടുനൽകുന്നില്ല. ശബരിമല തീർത്ഥാടകർക്ക് വേണ്ടി വണ്ടിപ്പെരിയാറിൽ നിന്ന് സത്രത്തിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് പോലും സത്രം ഗ്രൗണ്ടിൽ കയറാൻ കഴിയുന്നില്ല. പത്തേക്കർ സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഒരുക്കിയാൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിറുത്തിയിടാൻ സൗകര്യപ്രദമാകും. സത്രത്തിൽ നിന്ന് ആരംഭിക്കുന്ന കയറ്റങ്ങൾ ധാരാളമുള്ള പാതയിൽ ഭക്തർക്ക് കൈ പിടിച്ചു കയറാൻ കെട്ടിയിരിക്കുന്നത് വടത്തിന് പകരം പ്ലാസ്റ്റിക് കയറാണ്. ഒട്ടും ബലമില്ലാത്ത ഈ പ്ലാസ്റ്റിക് വള്ളികൾ കൈയിൽ നനവ് ഉണ്ടെങ്കിൽ തെന്നിവീഴാനിടയാകുന്നു. കയർ കൊണ്ടുള്ള വടവും കമ്പിയും ഉപയോഗിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും.

വൈദ്യ സഹായ

കേന്ദ്രം അനിവാര്യം

സത്രത്തിലെ അസൗകര്യങ്ങൾ പലതവണ മാദ്ധ്യമങ്ങൾ ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഇ. ദിലീപ് കുമാർ ഇവിടെ സന്ദർശിച്ചിരുന്നു. വനത്തിനുള്ളിൽ അയ്യപ്പഭക്തർക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടാൽ അടിയന്തരമായ വൈദ്യസഹായം എത്തിക്കാനും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. വൈദ്യ സഹായകേന്ദ്രം ആകെയുള്ളത് സത്രത്തിലും പുല്ല് മേട്ടിലുമാണ്. സീതക്കുളത്ത് കൂടി വൈദ്യ സഹായ കേന്ദ്രം വേണമെന്ന് ശബരിമല തീർത്ഥാടകരുടെ നിരന്തര ആവശ്യമാണ്. ഈ സീസണിൽ ഇതുവരെ സഞ്ചരിച്ച മൂന്നു തീർത്ഥാടകരാണ് സീത കളത്തിന് സമീപം കുഴഞ്ഞുവീണു മരിച്ചത്.