ഉടുമ്പന്നൂർ: ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നു കാട്ടി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ മൂൺ ലൈറ്റ് വാക്ക് .
ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതയുള്ള വിവിധ പ്രദേശങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മൂൺ ലൈറ്റ് വാക്ക് വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലുള്ള അരുവിപ്പാറ വ്യൂ പോയിന്റിൽ നിന്നും വൈകിട്ട് ആരംഭിച്ച നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഏട്ടര കിലോമീറ്റർ സഞ്ചരിച്ച് രാത്രി 10.30 ന് അവസാന പോയന്റായ ചെപ്പുകുളം ഇരുകല്ലുംപാറയിൽ എത്തി. വെള്ളിയാമറ്റം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഇരുകല്ലും പാറയിൽ മൂൺലൈറ്റ് വാക്കിൽ പങ്കെടുത്തവർക്കായി രാത്രി ഭക്ഷണവും ആസ്വാദനത്തിനായി ഗോത്രവർഗ്ഗ കലാരൂപമായ കോലാട്ടം കളിയും നാടൻ പാട്ടുകളും സംഘാടകർ ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ , ശാന്തമ്മ ജോയി, സുലൈഷ സലിം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമോൾ ഷിജു, രമ്യ അജീഷ്, അൽഫോൻസ കെ.മാത്യു, ജീൻസി സാജൻ എന്നിവർ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ലയൺസ് ക്ലബ്ബ് ഓഫ് ഉടുമ്പന്നൂർ ടൗൺ, സി. ബി. എ ചീനിക്കുഴി, ട്രാക്ക് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്.പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.വി ഫ്രാൻസിസ് , കൺവീനർ റ്റി.ജി മോഹനൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.