മൂന്നാർ: റോഡരികിൽ പാർക്കു ചെയ്തിരുന്ന വാഹനം കാട്ടാന ആക്രമിച്ചു. മൂന്നാർ കെഡിഎച്ച്പി റീജനൽ ഓഫീസ് ജീവനക്കാരനായ ഫ്രാൻസിസ് ബർണാഡിന്റെ വാഹനമാണ് കാട്ടാനയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ജോലി കഴിഞ്ഞ് എട്ടു മണിയോടെ പഴയമൂന്നാർ വർക്ക്‌ഷോപ്പ് ക്ലബിനു സമീപത്തുള്ള റോഡരികിൽ പാർക്കു ചെയ്തതായിരുന്നു വാഹനം.
അർദ്ധരാത്രിയോടെ എത്തിയ കാട്ടാന വാഹനത്തിനു പിന്നിൽ ബലമായി അമർത്തുകയായിരുന്നു. രാത്രി മുഴുവൻ ഈ ഭാഗത്തു നിലയുറപ്പിച്ച് കാട്ടാന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളിൽ സ്ഥിരമായി എത്തുന്ന കാട്ടാനകൾ ജനങ്ങളിൽ ആശങ്ക ഉയർത്തുകയാണ്.
കഴിഞ്ഞ ദിവസം കുറ്റിയാർവാലിയിലും നിർത്തിയിട്ടിരുന്ന വാഹനം കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാനയുടെ നിരന്തരമായ ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.