തൊടുപുഴ:ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച സ്വർണക്കമ്മൽ ഉടമയെ തിരികെ ഏൽപ്പിച്ച ഹരിത കർമ സേനാംഗങ്ങൾക്ക് തദ്ദേശ സ്യംഭരണ മന്ത്രി എം .ബി രാജേഷിന്റെ അഭിനന്ദനം. മണക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ സരിത ഗോപകുമാറിനെയും അൻസീനാ ഹരിയെയുമാണ് മന്ത്രി അഭിനന്ദിച്ചത്.
' സ്വർണ്ണക്കമ്മലിനേക്കാൾ തിളക്കമേറിയ ഈ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് ' എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആഹ്ലാദം പങ്കുവച്ചത്. ജീവിത പ്രയാസങ്ങൾക്കിടയിലും സത്യസന്ധതയും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കുന്ന ആയിരക്കണക്കിന് ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രതിനിധികളാണ് സരിതയും അൻസീനയും. കേരളത്തിന്റെ ശുചിത്വസേന അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടുപോവുകയാണ്. സരിതയ്ക്കും അൻസീനയ്ക്കും അഭിനന്ദനങ്ങൾ. മന്ത്രി കുറിച്ചു. മണക്കാട് കുന്നത്തുപാറ വള്ളിമലക്കുന്നേൽ ആനന്ദ് ചന്ദ്രന്റെ വീട്ടിൽനിന്ന് ഡിസംബറിൽ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ കമ്മൽ കിട്ടിയത്. ഉടനേ ആനന്ദിന്റെ വീട്ടിലെത്തി ഭാര്യ അജീഷ്മയോട് തിരക്കി വ്യക്തത വരുത്തി. ശേഷം വാർഡംഗത്തിന്റെ സാന്നിദ്ധ്യത്തിൽ കൈമാറുകയായിരുന്നു.