മൂവാറ്റുപുഴ: മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ വ്യാജ പട്ടയം നിർമ്മിച്ച കേസിൽ ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ വി.സി. രാമൻകുട്ടിക്ക് നാല് വർഷം തടവിനും പതിനായിരം രൂപ പിഴയും അടയ്ക്കാനും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചു. അഴിമതി നിരോധനം, ക്രിമിനൽ നടപടികളിലുമാണ് ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇടുക്കി യൂണിറ്റ് രജിസ്റ്റർ ചെയ്തതാണ് കേസ്. ദേവികുളം തഹസിൽദാറായിരുന്ന രാമൻകുട്ടി വ്യാജരേഖകൾ ചമച്ച് പട്ടയം നിർമ്മിച്ചെന്നാണ് പരാതി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയും രാമൻകുട്ടിയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. 2001- 02ലാണ് സംഭവം. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.