കരിമണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനം ജനുവരി 27, 28 തീയതികളിൽ കരിമണ്ണൂരിൽ നടക്കും. ജില്ലാ വാർഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിഹാളിൽ ജില്ലാ പ്രസിഡന്റ വി.വി.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വാർഷികത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ശാസ്ത്ര പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശാസ്ത്ര കലാജാഥ, പ്രാദേശികപഠനങ്ങൾ എന്നിവ സംഘടിപ്പിക്കും. അരലക്ഷം രൂപയുടെ പുസ്തക പ്രചാരണം, 2000 സോപ്പ്, പി.പി സി ഉത്പന്നങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിലൂടെയാണ് സമ്മേളന നടത്തിപ്പിനുള്ള സാമ്പത്തികം കണ്ടെത്തുന്നത്. കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സദാനന്ദൻ, കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസ്സാമോൾ ഷാജി (രക്ഷാധികാരികൾ), കൈരളി സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.ജി. ഗോപാലകൃഷ്ണൻ (ചെയർമാൻ), എ.എസ്. ഇന്ദിര ടീച്ചർ, കെ.ജെ. തോമസ്, ടി. രാജീവ് (വൈസ് ചെയർമാൻമാർ), പി.എം. ഷാജി (ജനറൽ കൺവീനർ), പി.ആർ. നാരായണൻ (കൺവീനർ) എന്നിവരടങ്ങുന്ന സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തിൽ എൻ സദാനന്ദൻ, കെ.ആർ. സുഗതൻ, എ.എ.സ്. ഇന്ദിര, ഗിരിജ ടീച്ചർ, ഡോ. കെ.കെ. ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ.ഡി. തങ്കച്ചൻ സ്വാഗതവും പി.ആർ. നാരായണൻ നന്ദിയും പറഞ്ഞു.