തൊടുപുഴ: യൂറേഷ്യൻ നീർനായയെ കേരളത്തിലാദ്യമായി ചിന്നാർ വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. 'ലൂട്ര ലൂട്ര" എന്നാണ് ശാസ്ത്ര നാമം. കേരള കാർഷിക സർവകലാശാലയിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. നാട്ടു നീർനായ, മല നീർനായ എന്നിവയുൾപ്പെടെ കേരളത്തിൽ കാണപ്പെടുന്ന ഇനങ്ങൾ ഇതോടെ മൂന്നായി.
ഉൾക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു ജീവിക്കുന്ന യൂറേഷ്യൻ നീർനായ നാണം കുണുങ്ങികളും രാത്രിയിൽ ഇര തേടുന്നവരുമാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ യൂറേഷ്യൻ നീർനായയുടെ സാന്നിദ്ധ്യം പഠനവിധേയമാക്കിയത്. കർണാടകയിലെ കൂർഗ്, തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിരുന്നു.
70 വർഷത്തിന് ശേഷം ആദ്യം
എന്നാൽ 1940ന് ശേഷം പശ്ചിമഘട്ടത്തിൽ ഇവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. 2017ൽ തമിഴ്‌നാട്ടിലെ വാൽപാറയിൽ വാഹനമിടിച്ച് ചത്തത് യൂറേഷ്യൻ നീർനായ ആണെന്ന് ഡി.എൻ.എ ടെസ്റ്റിലൂടെ കണ്ടെത്തിയിരുന്നു. 70 വർഷത്തെ കാത്തിരിപ്പിനു ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തിൽ ഇവയെ ജീവനോടെ കണ്ടെത്തിയത്.
കേരള കാർഷിക സർവകലാശാല വനശാസ്ത്ര കോളേജിലെ വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ഒ. നമീറിന്റ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ശ്രീഹരി കെ. മോഹൻ, പക്ഷി നിരീക്ഷകരായ ലതീഷ് ആർ. നാഥ്, സുബിൻ കെ.എസ്, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി എന്നിവരാണ് യൂറേഷ്യൻ നീർനായയെ ചിന്നാറിൽ നിന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്താരാഷ്ട്ര ജേർണലായ ജേർണൽ ഒഫ് ത്രെറ്റൻഡ് ടാക്‌സയുടെ ഡിസംബർ എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.