തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ മലങ്കര അണക്കെട്ടിൽ നിന്ന് ഇടത് വലത് കനാലുകളിലൂടെ വെള്ളം തുറന്നുവിടാത്തതിനെ തുടർന്ന് പതിനായിരക്കണക്കിനുള്ള ജനങ്ങൾ ദുരിതത്തിൽ. വേനൽ കടുത്തതോടെ കനാൽ കടന്നുപോകുന്ന ഇരുവശങ്ങളിലുമുള്ള 24 തദ്ദേശസ്ഥാപന പ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസുകളും വറ്റി വരളുകയും കൃഷിയിടങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവുകയുമാണ്. നേരത്തെ നവംബർ ആദ്യവാരം മുതൽ മലങ്കരയിൽ നിന്നുമുള്ള വെള്ളം കനാൽ വഴി തുറന്ന് വിട്ടിരുന്നു. എന്നാൽ ഇത്തവണ ജനുവരിയാകാറായിട്ടും മലങ്കര ഡാമിൽ നിന്നുള്ള വെള്ളം കനാൽ വഴി തുറന്നുവിടാൻ അധികൃതർ തയ്യാറാകുന്നില്ല. മലങ്കരയിൽ നിന്ന് കനാലിലൂടെ എത്തുന്ന വെള്ളമാണ് വിവിധ പ്രദേശങ്ങളിലെ കിണറുകളെയും തോടുകളെയും ജലസമ്പുഷ്ടമാക്കി കുടിവെള്ള പ്രശ്‌നം ഒരു പരിധിവരെ ഇല്ലാതാക്കുന്നത്. മലങ്കര അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥ തുടരുന്നതിനാൽ കനാലിലൂടെ വെള്ളം കടത്തി വിടാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഡാമിന്റെ രണ്ട് വശങ്ങളിലൂടെയുമുള്ള കനാലിലൂടെ വെള്ളം കടത്തിവിടണമെങ്കിൽ ഡാമിൽ 39 മീറ്ററിനു മുകളിൽ വെള്ളം ഉണ്ടാവണം. മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വൈദ്യതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും നാച്ചർ, വലിയാർ എന്നീ പുഴകളിൽ നിന്നുള്ള വെള്ളവുമാണ് പ്രധാനമായും മലങ്കര ഡാമിലെത്തുന്നത്. മഴ കുറഞ്ഞതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതിനാലും നാച്ചർ, വലിയാർ പുഴകളിൽ നിന്നുള്ള വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞതിനാലും ഡാമിൽ ജലനിരപ്പ് താഴ്ന്ന് 36 മീറ്ററായി തുടരുകയാണ്. ജലദൗർലഭ്യത പ്രശ്‌നം പരിഹരിക്കാൻ പ്രദേശത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പ്രദേശവാസികളും മന്ത്രി റോഷി അഗസ്റ്റിൻ, കനാൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ എ.എൽ.എ, എം പി, കളക്ടർ എന്നിവർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ്.
രണ്ട് കനാലുകൾ
മലങ്കര ഡാമിൽ നിന്ന് ആരംഭിക്കുന്ന കനാൽ രണ്ട് വശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇടവശത്ത് നിന്നുള്ള കനാൽ മലങ്കര, കരിങ്കുന്നം, മണക്കാട് വഴി കൂത്താട്ടുകുളം പ്രദേശത്തേക്കും വലതുകര കനാൽ മലങ്കര, ഇടവെട്ടി, ഭൂതത്താൻകെട്ട് ഭാഗത്തേക്കുമാണ് ഒഴുകുന്നത്. പെരുമറ്റം, കോലാനി, മണക്കാട്, അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന ഇടതുകര കനാലിന് 27 കി ലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട് വഴി ഒഴുകുന്ന വലതുകര കനാലിന് 33 കിലോമീറ്റർ ദൂരവുമാണുള്ളത്.