തൊടുപുഴ: സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (എസ്.ഇ.സി.സി) സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 24ന് കെ.പി.എം.എസ് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ജില്ലയിൽ നിന്ന് 8000 പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. സനീഷ്‌കുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ തൊടുപുഴ പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റംഗം സാബു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശിവൻ കോഴിക്കമാലി, ഓമന വിജയകുമാർ, പ്രകാശ് തങ്കപ്പൻ,നിഷ അനീഷ്, മനോജ് കുമളി, ഇ.എസ്. ഷാജി, പൊന്നപ്പൻ തലൈനാട് എന്നിവർ സംസാരിച്ചു.