കോട്ടയം: വികസനത്തിന് മുൻതൂക്കം നൽകി എം.ജി.സർവകലാശാലാ ബഡ്ജറ്റ്. 715.18 കോടി രൂപ വരവും 746.42 കോടി രൂപ ചെലവും 31.24 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ധനകാര്യ ഉപസമിതി കൺവീനർ ഡോ. ബിജു തോമസാണ് അവതരിപ്പിച്ചത്.
വികസന പ്രവർത്തനങ്ങൾക്കായി പുറത്തുള്ള ധനസഹായ സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തും. അക്കാഡമിക് ഗവേഷണ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ, ടൂറിസം മേഖലകളിലെ വർദ്ധിച്ചു വരുന്ന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന അക്കാഡമിക് ഗവേഷണ പ്രവർത്തനങ്ങൾക്കായി അന്തർദേശിയ നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് റിസർച്ച് ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ആൻഡ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി (ഐ.എ.എസ്.ആർ.എച്ച്.എം.എഫ്.ടി) സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. പ്രമുഖ വിദേശ സർവകലാശാലകളുമായും അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളും സ്റ്റുഡന്റ്, ഫാക്കൽറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ഈ കേന്ദ്രത്തിൽ നടത്തും. ഹോട്ടൽ വ്യവസായ മേഖലയുമായുള്ള സഹകരണം, ബിസിനസ് ഇന്നവേഷൻ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളായ ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സഖറിയ, പി. ഹരികൃഷ്ണൻ, ഡോ.നന്ദകുമാർ കളരിക്കൽ, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. കെ. ജയചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റ് പദ്ധതികൾ
മാർത്തോമാ സഭ തിരുവല്ലയിൽ സർവകലാശാലയ്ക്ക് നൽകുന്ന സ്ഥലത്ത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാറ്റലൈറ്റ് കാമ്പസ്
ഏറ്റുമാനൂർ മണ്ഡലത്തിൽ അഞ്ച് ഏക്കറിൽ അക്കാദമിക് സിറ്റിയും സയൻസ് പാർക്കിനും 1 കോടി
ആഗോള താപനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 1.5 കോടി
മുഴുവൻ സമയ സമൂഹ മാദ്ധ്യമ സെൽ രൂപീകരിക്കാൻ 10 ലക്ഷം
കാമ്പസുകൾ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കർമ്മ പരിപാടി
ഏപ്രിൽ-മെയ് മാസങ്ങളിൽ അക്കാദമിക് കാർണിവലിന് 20 ലക്ഷം
റിസർച്ച് ഫെസ്റ്റിന് രണ്ടു ലക്ഷം, ഓപ്പൺ ജിംനേഷ്യത്തിന് അഞ്ചു ലക്ഷം
വിദ്യാർത്ഥികൾക്ക് പഞ്ചിംഗ് സൗകര്യവും ആർ.എഫ്.ഐ.ഡി തിരിച്ചറിയൽ കാർഡും
സമ്പൂർണ സൗരോർജ്ജ കാമ്പസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 5 കോടി