മൂന്നാർ: ജനവാസ മേഖലയിൽ കാട്ടാന പടയപ്പയുടെ പരാക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ലോക്കാട് എസ്റ്റേറ്റിന് സമീപം ഇറങ്ങിയ കാട്ടാന അരമണിക്കുറുളം വാഹനങ്ങൾ തടയുകയും പ്രദേശത്ത് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മൂന്നാർ സൈലന്റുവാലി നെറ്റിക്കുടി ഗൂഡാർവിള എസ്റ്റേറ്റ് മേഖലിയിൽ കറങ്ങി ദേവികുളം വഴിയാണ് കഴിഞ്ഞ ദിവസം പടയപ്പ ലോക്കാട് എസ്റ്റേറ്റിലെത്തിയത്. പകൽ നേരങ്ങളിൽ കാട്ടിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന വൈകിട്ട് ആറുമണിയോടെ ദേശീയ പാതയിലിറങ്ങിയത്. തുടർന്ന് റോഡിന്റ ഇരുവശങ്ങളിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ അരമണിക്കൂറോളം തടഞ്ഞിട്ടു. വനപാലകരെത്തി ഏറെ പണിപ്പെട്ടാണ് കാട്ടാനയെ സമീപത്തെ കുറ്റിക്കാട്ടിൽ കയറ്റിയതെങ്കിലും രാത്രിയോടെ എസ്റ്റേറ്റിലെ ജനവാസ മേഖലയിലേക്ക് തിരികെ ഇറങ്ങി. തുടർന്ന് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന റേഷൻ കട തകർത്ത് അരി അകത്താക്കി. രണ്ട് ചാക്ക് അരി ഭക്ഷിച്ച ആനയെ നാട്ടുകാരെത്തി സമീപത്തെ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും വീണ്ടും രാത്രിയോടെ ജനവാസ മേഖലയിൽ എത്തുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ജനവാസമേഖലയിൽ നിന്ന് കാടുകയറാതെ പടയപ്പ തീറ്റയും വെള്ളവും തേടി പ്രദേശത്ത് പരാക്രമണം തുടരുമ്പോഴും വനംവകുപ്പ് അധികൃതർ നിസംഗത തുടരുന്നത് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.