നെടുങ്കണ്ടം: പിന്നാക്ക വിഭാഗത്തിൽ പെട്ട പതിനനേഴുകാരിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച ആൺ സുഹൃത്തും സഹായം ചെയ്ത രണ്ടു പേരും പിടിയിൽ. പിടിയിലായവരിൽ ഒരാൾ പ്രായ പൂർത്തിയാകാത്തയാൾ. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആൺ സുഹൃത്ത് നെടുങ്കണ്ടം, കോമ്പയാർ ഈട്ടിക്കാലയിൽ ആഷിക്കും കൂട്ടുകാരായ കുഴിവേലിൽ വീട്ടിൽ അനേഷും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പെൺകുട്ടിയുടെ വീടിനു സമീപമുള്ള കുന്നിൻ മുകളിലിരുന്ന് ആൺസുഹൃത്ത് ആഷിക്കും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്ന് ആഷിക്ക് അനേഷിന്റ ഫോണിൽ നിന്നും പെൺകുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിയെ കൂടിയ അളവിൽ മദ്യം നിർബന്ധിച്ച് കുടിപ്പിച്ചു. തുടർന്ന് ആഷിക്കിന്റെ സുഹൃത്തുക്കൾ മടങ്ങി. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി. സുഹൃത്തുക്കൾ പോയശേഷം ആഷിഖ് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അനേഷിന്റെ മൊബൈലിൽ പകർത്തുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളിൽ സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷിക്കിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷിക്കിനൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞു. ഇതിനുശേഷം സുഹൃത്ത് ആഷിഖിനെ ഫോണിൽ ബന്ധപ്പെട്ടു. പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും സുഹൃത്തിനോട് പറഞ്ഞു. ഇയാൾ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച ശേഷം മടങ്ങിപ്പോയി. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
ബലാൽസംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ, പട്ടികജാതി പട്ടികവർക്ക പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകിയത് അടക്കമുള്ള വകുപ്പുകൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൾ മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്. മൂവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പേലീസിന്റെ തീരുമാനം.