രാജാക്കാട്: കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന രാജാക്കാട് ഫെസ്റ്റ് ഇന്ന് സമാപിക്കും. കഴിഞ്ഞ ഒമ്പത് ദിനങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഫെസ്റ്റ് ഗ്രൗണ്ടിലെത്തിയത്. യുവജനങ്ങളും സ്ത്രീകളും കുട്ടികളുമടക്കം ഒരു ലക്ഷത്തിലേറെ പേരാണ് ഫെസ്റ്റ് കാണാനെത്തിയതെന്ന് ഫെസ്റ്റ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. സതി, കൺവീനർ വി.എസ്. ബിജു എന്നിവർ പറഞ്ഞു. വിവിധ എക്‌സിബിഷനുകളും കുട്ടികൾ അടക്കമുള്ളവരുടെ റൈഡുകളും പുതിയ തലമുറയ്ക്ക് നവ്യാനുഭവമായി.എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ വാളണ്ടിയർമാരും പൊലീസും ഏറെ പണിപ്പെട്ടു. വെള്ളിയാഴ്ച കോരിച്ചൊരിയുന്ന മഴയിലും പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് കേൾക്കാൻ ആയിരങ്ങളാണ് രാജാക്കാട്ടേയ്ക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫെസ്റ്റ് സമ്മാനക്കൂപ്പൺ ബംബർ നറുക്കെടുപ്പും വ്യാപാരോത്സവം കൂപ്പൺ നറുക്കെടുപ്പും നടത്തും. ആറിന് കുങ്ഫു യോഗ ഫ്യൂഷനും 8.30ന് കണ്ണൂർ ഹൈബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, പുതുവർഷാഘോഷം എന്നിവയോടെയാണ് ഫെസ്റ്റ് സമാപിക്കുന്നത്‌.