mnr
മൂന്നാർ

മൂന്നാർ: പുതുവത്സരാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. തണുപ്പ് ദിനംപ്രതി കൂടി വരുന്നതോടെ അവധി ആഘോഷത്തോടൊപ്പം പുതുവർഷ ആഘോഷങ്ങൾക്കുമായി ദിവസേന ആയിരങ്ങളാണ് ഇപ്പോൾ മൂന്നാറിലെത്തുന്നത്. മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വൻതിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിന്റെ ആകർഷണമായ ഇരവികുളം ദേശീയോദ്യാനത്തിൽ പരമാവധി അനുവദിച്ചിട്ടുള്ള 2800 പേർ വീതം ദിവസേന സന്ദർശനം നടത്തുന്നുണ്ട്. മൂന്നാർ ടൗണിന് സമീപത്തുള്ള ഹൈഡൽ പാർക്കിലും ഗവ. ബൊട്ടാണിക്കൽ ഗാർഡനിലും വൻതിരക്കാണ്. ഹൈഡൽ പാർക്കിൽ ദിവസേന 5000ലധികം പേർ സന്ദർശനം നടത്തുന്നുണ്ട്. ബൊട്ടാണിക്കൽ ഗാർഡനിൽ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലായി 15,762 പേർ സന്ദർശനം നടത്തി. മാട്ടുപ്പട്ടി, എക്കോപോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും സന്ദർശകരുടെ വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആയിരങ്ങളാണ് മാട്ടുപ്പട്ടി സൺമൂൺ വാലി ബോട്ടിങ് സെന്ററിൽ സന്ദർശനം നടത്തിയത്. എക്കോ പോയിന്റിലും സന്ദർശകരെത്തുന്നുണ്ട്. വൈകിട്ടും രാത്രിയിലും മേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ തണുപ്പ് സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 8.3 ഡിഗ്രി സെൽഷ്യസ് ബുധനാഴ്ച കുണ്ടളയിൽ രേഖപ്പെടുത്തിയിരുന്നു. സാധാരണ ഡിസംബർ പകുതിയോടെ താപനില പൂജ്യത്തിന് താഴെ എത്തേണ്ടതാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ജനുവരിയോടെ താപനില നന്നായി കുറയുമെന്നാണ് കരുതുന്നത്. അതിശൈത്യത്തിലേക്ക് നീങ്ങുന്നതോടെ മൂന്നാർ മേഖലയിൽ കൂടുതൽ വിദേശസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്കിനൊപ്പം കുരുക്കും

തിരക്കേറിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്കും പതിവായി. രാജമലയിലും മാട്ടുപ്പെട്ടി റോഡിലുമാണ് ഏറ്റവുമധികം കുരക്കനുഭവുപ്പെടുന്നത്. അനധികൃത വഴിയോരക്കച്ചവടങ്ങൾ പെരുകിയതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ സന്ദർശനത്തിനായെത്തുന്നവർ കിട്ടുന്ന സ്ഥലങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോകുന്നതും പ്രതിസന്ധി രൂക്ഷമാകുന്നു.